യു ഡി എഫ് മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്ന മുസ്ലീം ലീഗിന്റെ നിലപാട് രാഷ്ട്രീയ കാപട്യമാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീര്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്തിന്റെ മതം മാനവിക ചരിത്ര വസ്തുതകള്‍ എന്ന ക്യാമ്പയിന്റെ ഭാഗമായി സിപിഐ മലപ്പുറത്ത് നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പോലെയുള്ള ജില്ലകളില്‍ തികച്ചും വര്‍ഗ്ഗീയമായി പ്രവര്‍ത്തിക്കുന്ന സാമൂദായിക സംഘടനകളുമായി സഖ്യമുണ്ടാക്കാനുള്ള ലീഗിന്റെ തീരുമാനം വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ആക്കംകൂട്ടുമെന്നും ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗ്ഗീയതയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലോളി നാസര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ്, ഷംസുകാട്ടുങ്ങല്, കെ എം മോഹനന് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ നൂറ് കേന്ദ്രത്തില്‍ ജനകീയ പ്രതിരോധം നടന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. ചാമുണ്ണി പെരിന്തല്‍മണ്ണയിലും ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഒതുക്കുങ്ങലും, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വെളിയങ്കോടും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലന് പള്ളിക്കലും, എം നാരായണന് മാസ്റ്റര്‍ അരീക്കോടും, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാഴയൂരും, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് എം കബീര്‍ എടക്കരയിലും പി. സുബ്രഹ്മണ്യന് മഞ്ചേരിയിലും ജോസ് ബേബി നിലമ്പൂരും, അജിത് കൊളാടി പൊന്നാനിയിലും ഇ സെയ്തലവി ഇരുമ്പന്‍ കുടുക്കിലും കെ പി രാമനുണ്ണി തിരൂരും എ പി അഹമ്മദ് കാവനൂരും ഡോ. ഹുസൈന് രണ്ടത്താണി കൊണ്ടോട്ടിയിലും, എം എം സചീന്ദ്രന്‍ ഒഴൂരും നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടിയിലും, അഡ്വ. എം. കേശവന് നായര്‍ പ്ന്തല്ലൂരും, പി. കുഞ്ഞിമൂസ്സ തലക്കാടും, തുളസിദാസ് മേനോന് പുളിക്കലും, പി മൈനൂന ചെമ്മാടും എം എ റസാഖ് പൊന്മളയിലും കെ പ്രഭാകരന് തുവ്വൂരിലും, കെ മനോജ് പൂക്കോട്ടുംപാടത്തും, പി പി ലെനിന്‍ദാസ് വേങ്ങരയിലും, പാലോട് മണികണ്ഠന് പട്ടിക്കാടും, വി പി വാസുദേവന്‍ കുന്നക്കാവിലും, മാലിക്ക് നാലകത്ത് തെരട്ടമ്മലും, അഡ്വ. പി. ഗവാസ് മൊറയൂരും, ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകരെയും സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് അഭിനന്ദിച്ചു.
© 2019 IBC Live. Developed By Web Designer London