പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാർ തടഞ്ഞു. നാട്ടുകാരോടൊപ്പം ബിജെപി യുവമോർച്ചാ പ്രവർത്തകരും പ്രതിഷേധത്തിൽ ഉണ്ട്. പോസ്റ്റ്മാർട്ടത്തിനു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകവേയാണ് മൃതദേഹം തടഞ്ഞത്. അഞ്ജുവിൻ്റെ പിതാവ് അടക്കമുള്ളവരാണ് മൃതദേഹം തടഞ്ഞത്. കോപ്പി അടിച്ച് പിടിച്ചാൽ ആദ്യം ചെയ്യേണ്ടത് സർവകലാശാലയെ അറിയിക്കുകയാണ്. കോളജിന് പിടിച്ചുവെക്കാൻ അനുവാദമില്ല. അന്നും പിറ്റേന്നും യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നില്ല. കുട്ടിയുടെ മൃതദേഹം കിട്ടിയപ്പോഴാണ് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയത്. കോപ്പി അടിച്ചാൽ അതിനുപയോഗിച്ച വസ്തു തെളിവാണ്. അത് കോളജ് അധികൃതർക്ക് കയ്യിൽ വെച്ചു കൊണ്ടിരിക്കാൻ എന്തവകാശം. അത് പലതവണ ചോദിച്ചിട്ടും അവർ നൽകിയില്ലെന്ന് നാട്ടുകാർ പറയുന്നു. അഞ്ജു ഏതെങ്കിലും ആണുങ്ങളോടൊപ്പം ഒളിച്ചോടിയിട്ടുണ്ടാവുമെന്ന് പറഞ്ഞ അച്ചനെതിരെ പൊലീസ് എന്ത് നടപടിയാണ് എടുത്തതെന്നും നാട്ടുകാർ ചോദിക്കുന്നു.
അതേ സമയം, സ്ഥലത്തെത്തിയ എംഎൽഎ പിസി ജോർജ് ആൾക്കാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുമായി ഇക്കാര്യം താൻ സംസാരിച്ചു. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാവില്ല. കൃത്യമായ അന്വേഷണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കണം. ഈ പ്രതിഷേധത്തിൽ നിന്ന് നാട്ടുകാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പിസി ജോർജിനെതിരെയും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ, കോളജ് മാധ്യമങ്ങൾക്കു മുൻപിൽ പ്രദർശിപ്പിച്ച ഹാൾ ടിക്കറ്റിലെ കോപ്പിയിൽ ഉണ്ടായിരുന്നത് അഞ്ജുവിൻ്റെ കൈപ്പടയല്ലെന്നും ഹാൾ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോൾ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് ഷാജി പറഞ്ഞിരുന്നു. ഹാൾ ടിക്കറ്റിനു പിന്നിൽ പിന്നീട് എഴുതിച്ചേർത്തതാണ് കോളജ് അധികൃതർ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London