ഉത്രാ കൊലക്കേസിൽ ഉത്രയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കേസിൽ പ്രതി സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു.
വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയിൽ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾനേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേർത്തു. എന്നാൽ ഉത്രയുടെ കൊലപാതകത്തിൽ സൂരജിന് മാത്രമല്ല, സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂരജിന്റെ അച്ഛനാണെന്നും കൃത്യം നടന്നത് അമ്മയുടേയും സഹോദരിയുടേയും അറിവോടെയാണെന്നുമാണ് സൂചനകൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London