ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകൾ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധിയാണ് നീട്ടിയത്.
തിയറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകൾ ലഭിക്കാതെ തുറക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റർ ഉടമകൾ. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. എന്ന് തിയറ്ററുകൾ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London