തിരുവനന്തപുരത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം മേയറും വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നിലവില്‍ പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറി എന്നിവ വില്‍ക്കുന്ന കടകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത ദിവസങ്ങളിലാവും തുറന്നു പ്രവര്‍ത്തിക്കുക. സാമൂഹിക അകലം പാലിക്കുക എന്നത് ലക്ഷ്യമിട്ടാണ് കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം നഗരത്തിലെ ചാല, പാളയം കമ്പോളങ്ങളിലെ കടകള്‍ വരും ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് 50% ആയി കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. മാര്‍ക്കറ്റിലെത്തുന്ന ആവശ്യക്കാര്‍ക്ക് ടോക്കണ്‍ വിതരണം ചെയ്യും. തെരുവില്‍ മത്സ്യം വില്‍ക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. തലസ്ഥാന നഗരം സമൂഹവ്യാപന ഘട്ടത്തിലേക്ക് കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കടുത്ത നിയന്ത്രണങ്ങളും ജാഗ്രതയും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം നടപ്പിലാക്കുകയാണെങ്കിലും നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജില്ലയിലെ എല്ലാ പഞ്ചായത്തിലും ക്വാറന്റീന് കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കരിക്കകം മേഖലയെ കൂടി കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കാന്‍ പരിശോധനകള്‍ നടക്കുകയാണെന്നും ശ്രീ. കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
© 2019 IBC Live. Developed By Web Designer London