സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞു. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു.എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എസ് സി വിഭാഗക്കാരൻ ആയതു കൊണ്ടാണ് രാജേന്ദ്രൻ എം.എൽ.എ. ആയത്: എം.എം.മണി
ജാതി നോക്കിയത് പാർട്ടിയാണെന്ന എസ്.രാജേന്ദ്രന്റെ ആരോപണത്തിന് എം.എം.മണിയുടെ മറുപടി. സംവരണ സീറ്റായതിനാലാണ് പാർട്ടി ജാതി നോക്കിയത്. എസ്.സി. വിഭാഗക്കാരൻ ആയതു കൊണ്ടാണ് രാജേന്ദ്രൻ എം.എൽ.എ ആയത്. പത്രസമ്മേളനം നടത്തിയാൽ പാർട്ടിക്കും കൂടുതൽ പറയേണ്ടിവരും. ജാതി രാഷ്ട്രീയത്തിന്റെ വക്താവാണ് എസ്.രാജേന്ദ്രനെന്നും എം.എം.മണി പറഞ്ഞു.
ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്; താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകുമെന്ന് സ്വപ്ന
വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പ്രമുഖ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു. തനിക്ക് ചതിക്കണമെങ്കിൽ ഞാൻ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു. പറയുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണമായിരുന്നു. തന്നെ മാത്രം ബലിയാടാക്കാൻ ഫോക്കസ് ചെയ്ത് എഴുതി. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പരിമിതമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
കൊട്ടാരക്കരയിൽ പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായി; ബന്ധു പിടിയിൽ
കൊട്ടാരക്കരയിൽ പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായി. ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെയാണ് പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.
വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; കന്യാസ്ത്രീ മരിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യു (55) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. തൃശൂരിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
ഗൂഢാലോചനക്കേസ്; സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷൻ വിശദീകരണം കോടതിയിൽ എഴുതി നൽകിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുൻപ് സമർപ്പിക്കാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.
ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മുകശ്മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ ഇ തൊയ്ബ ഭീകരർ. രണ്ട് തോക്കുകൾ കണ്ടെടുത്തു.അതേസമയം ജമ്മുകശ്മീരിലെ കുൽഗ്രാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.
‘ഹിജാബ് ധരിക്കുന്നത് മൗലികാവകാശം’; വിദ്യാർഥിനികൾക്ക് പിന്തുണയുമായി സിദ്ധരാമയ്യ
കർണാടകയിൽ കൂടുതൽ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തവേ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന യഷ് ധുള്ളിന്റെ ഇന്ത്യൻ കൗമാരപ്പടയ്ക്ക് എതിരാളി മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. വൈകിട്ട് 6:30ന് നോർത്ത് സൗണ്ടിലെ സർ, വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് ഫൈനൽ. ഇത് തുടർച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടർ – 19 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London