മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത വിധി ഇന്ന്
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത വിധി ഇന്ന്. തുടർവാദവും ലോകായുക്ത ഇന്ന് കേൾക്കും. കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്.ഗവർണർ ആവശ്യപ്പെട്ടിട്ടാണ് വി.സി നിയമനത്തിൽ പ്രൊപ്പോസൽ നൽകിയതെന്നു സർക്കാർ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി.
ഇന്ന് കൊവിഡ് അവലോകന യോഗം; സ്കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ തീരുമാനമുണ്ടാകും
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. സ്കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്. ഞായറാഴ്ചയിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ ആഴ്ച്ച തുടരാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങളോ ഇളവുകളോ ആവശ്യമുണ്ടോയെന്ന് അവലോകന യോഗം പരിശോധിക്കും.
സർക്കാർ സംവിധാനങ്ങളെ കുറ്റപ്പെടുത്തി മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
സർക്കാർ സംവിധാനങ്ങളെ വിമർശിച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് ആത്മഹത്യ ചെയ്തത്. സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭൂമി തരം മാറ്റാനായി ഒരു വർഷമായി ശ്രമിച്ചിട്ടും നടന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
സ്വപ്ന സുരേഷിൻ്റെ സ്പേസ് പാർക്കിലെ നിയമനം; സർക്കാർ കണ്ടെത്തലുകളെ തള്ളി ശിവശങ്കറിന്റെ പുസ്തകം
സ്വപ്ന സുരേഷിന്റെ സ്പേസ് പർക്കിലെ നിയമനത്തിൽ ഒരു പങ്കുമില്ലെന്ന ശിവശങ്കറിന്റെ ആത്മകഥയിലെ വാദം സർക്കാർ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സ്പേസ് പാർക്ക് നിയമനത്തിൽ ശിവശങ്കറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ശിവശങ്കറിനെ അന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ദിലീപിൻ്റെ വാദങ്ങൾ തകർന്നു വീഴുമോ? കൂട്ടിയും കിഴിച്ചും പ്രോസിക്യൂഷൻ, ഇന്ന് നിർണായക ദിനം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിൻറെ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷൻറെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിന് ഹജ്ജ് യാത്ര അനുമതി ഇല്ല
കരിപ്പൂർ വിമാനത്താവളത്തിന് ഹജ്ജ് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഈ വർഷം കൊച്ചി വിമാനത്താവളമാണ് ഹജ് യാത്രയ്ക്കുളള ഏക കേന്ദ്രം. വിമാന ദുരന്തശേഷം വലിയ വിമാനങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണമാണ് ഹജ്ജ് യാത്രയിലും കരിപ്പൂരിന് തിരിച്ചടിയായത്. കേരളത്തിൽ നിന്നുളള ഹജ്ജ് തീർത്ഥാടകരിൽ 80 ശതമാനവും മലബാറിൽ നിന്നാണ്. ഹജ്ജ് ഹൗസും കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച വനിതാ ബ്ലോക്ക് അടക്കമുളള സൗകര്യങ്ങളും കരിപ്പൂരിലാണ്. എന്നിട്ടും കരിപ്പൂരിനെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ആരോപിക്കുന്നു.
പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം. നിരവധി പേർക്ക് പരുക്കേറ്റു. പൂനെ യേർവാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നുവീണത്. പത്ത് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫഅ ഫയർ ഓഫിസർ സുനിൽ ഗിൽബിൽ അറിയിച്ചത്. നിർമ്മാണത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യു.പിയിൽ പോരാട്ടം കനക്കുന്നു; യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഗോരഖ്പൂരിൽ നിന്നാണ് യോഗി ജനവിധി തേടുന്നത്. ഉവൈസിക്ക് നേരെയുണ്ടായ വെടിവെപ്പിൽ പൊലീസ് അന്വേഷണം തുടരുകയാണ്. യോഗി ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ യു.പിയിൽ പോരാട്ടം കനക്കും.
സിറിയയിൽ യു.എസ് ഓപറേഷൻ; ഐ.എസ് തലവൻ അബൂ ഇബ്രാഹീമിനെ വധിച്ചെന്ന് ബൈഡൻ
ഐ.എസ് തലവൻ അബൂ ഇബ്രാഹീം അൽഹാഷിമി അൽഖുറൈഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി യു.എസ്. കഴിഞ്ഞ ദിവസം സിറിയയിൽ നടത്തിയ സൈനിക നടപടിയിലാണ് അബു ഇബ്രാഹീം കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London