അധ്യാപകരുടെ പ്രവർത്തന സമയം: വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും
സ്കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. പ്രവർത്തന സമയം, ശനിയാഴ്ച പ്രവർത്തി ദിവസമാക്കൽ എന്നിവ യോഗത്തിൽ ചർച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ എടുക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. എന്നാൽ അധ്യാപക സംഘടനകളുമായി ചർച്ച നിശ്ചയിച്ച ശേഷം സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിൽ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. തീരുമാനം പ്രഖ്യാപിച്ച ശേഷം അധ്യാപക സംഘടനകളുടെ യോഗം നടത്തുന്നതിലെ അപാകതയാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെയാണ് പരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതായതോടെയാണ് പിരിച്ചുവിടലെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കെ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും.
കൊച്ചിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന; ഇടപാടിനെത്തിയ എട്ടുപേർ പിടിയിൽ
കൊച്ചി ഇടപ്പള്ളി മാമംഗലത്തെ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന. മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരി ഇടപാടിനെത്തിയ എട്ടുപേർ പിടിയിലായിട്ടുണ്ട്. ലഹരി മരുന്ന് വിൽക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും ആണ് പിടിയിലായത്. സംഘത്തിൽ ഒരു യുവതിയുമുണ്ട്. ആലുവ സ്വദേശി റെച്ചു റഹ്മാൻ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ് , കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, കൊല്ലം സ്വദേശി തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഴൽമന്ദം വാഹനാപകടം: അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് കുഴൽമന്ദം വാഹനാപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയതാണെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണം. അപകടത്തിന് മുമ്പ് ഡ്രൈവറും ബൈക്ക് യാത്രികരുമായി വാക്കുതർക്കം നടന്നതായി മരിച്ച യുവാക്കളുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
അതിരപള്ളിയിലെ വന്യമൃഗ ശല്യം; പരിഹാരം വേഗത്തിലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
അതിരപ്പള്ളിയിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനവുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ 65 കിലോമീറ്റർ നീളത്തിൽ പ്രതിരോധ സംവിധാനം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും വനം മന്ത്രി അറിയിച്ചു. ഇതോടെ തൃശൂർ അതിരപ്പള്ളി മേഖലയിൽ ആനകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കർണാടകയിലെ ഹിജാബ് നിയന്ത്രണം; ഹരജിയിൽ ഇന്നും വാദം കേൾക്കും
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ വിശാല ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം വാദം കേൾക്കൽ തുടരും. പ്രതിഷേധങ്ങളുടെ പശ്ചാതലത്തിൽ കർണാടകയിൽ പൊലീസ് സുരക്ഷ കർശനമാക്കി. ഉഡുപ്പി ജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലയിടത്തും ഹിജാബ് ധരിച്ച വിദ്യർഥികളെ സ്കൂളുകളിൽ നിന്ന് വീട്ടിലേക്ക് പറഞ്ഞു വിട്ടു. അധ്യാപകർ നിർബന്ധിച്ച് ഹിജാബ് അഴിപ്പിച്ച സംഭവങ്ങളുമുണ്ടായി. ഹിജാബ് നിരോധനം കർശനമാക്കിയതോടെ ഓൺലൈൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങും; പ്രധാനമന്ത്രി
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൺപൂരിലെ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ”ഇത്തവണ നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തർപ്രദേശിൽ 10 ദിവസം മുമ്പേ ആഘോഷിക്കും. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ഹോളി ആഘോഷങ്ങൾ ആരംഭിക്കും, ”അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ യുദ്ധഭീതി; ആശങ്കയറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ
യുക്രൈനിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് യു.എൻ സെക്രട്ടറി-ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച നയതന്ത്രമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ഉന്നത നയതന്ത്രജ്ഞൻ സെർജി ലാവ്റോവിയേയും യുക്രേനിയൻ വിദേശകാര്യ മന്ത്രി ഡിംട്രോ കുലേബയേയും അന്റോണിയോ ഗുട്ടറസ് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London