ഇന്ന് മുതൽ എല്ലാ ക്ലാസിലും മുഴുവൻ സമയം അധ്യയനം; സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലാകും.നീണ്ട ഇടവേളയ്ക്കു ശേഷം മുഴുവൻ കുട്ടികളെയും സ്വീകരിക്കാനായി സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.തിരുവനന്തപുരം പട്ടം ഗവൺമെൻറ് ഹൈസ്കൂളിലാണ് സ്കൂൾ തുറക്കലിൻറെ സംസ്ഥാനതല ഉദ്ഘാടനം. രണ്ടു വർഷത്തിന് ശേഷമാണ് സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലായി 47 ലക്ഷം വിദ്യാർഥികൾ ക്ലാസുകളിലേക്കെത്തും. രണ്ടുലക്ഷത്തിലധികം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും വിദ്യാർഥികൾക്കൊപ്പം സ്കൂളുകളിലേക്കെത്തും. ഇതിനുമുന്നോടിയായി സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു
തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും പരിക്കേറ്റു. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജോലി കഴിഞ്ഞ് പുലർച്ചെ ഒന്നരയോടെ വീട്ടിലേക്ക് മടങ്ങിവരും വഴിയാണ് ഹരിദാസിന് വെട്ടേൽക്കുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പുന്നോലിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാകാം ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വടിവാൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഒരു കാൽ വെട്ടിമാറ്റിയെന്നും നാട്ടകാർ പറയുന്നു.
‘സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ് ലക്ഷ്യം’; സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വിജയരാഘവൻ
പുന്നോൽ സ്വദേശി ഹരിദാസന്റെ കൊലപാതത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വിജയരാഘവൻ പറഞ്ഞു. കൊലപാതകം നടത്തിയത് ആർ എസ് എസ് പ്രവർത്തകരാണെന്ന് മുൻപ് തന്നെ സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആർ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവൻ ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് ഹർത്താൽ
സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
സേനയിൽ ലൈംഗികചൂഷണമെന്ന മുൻ ഡിജിപിയുടെ പരാമർശം; വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുൻ ഡിജിപി ശ്രമിക്കുന്നുവെന്ന് സംഘടനാ ജനറൽ സെക്രട്ടറി സി ആർ ബിജു പറഞ്ഞു. ഒരു അഭിമുഖത്തിൽ മുൻ ഡിജിപി നടത്തിയ പരാമർശങ്ങൾക്ക് എതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. സേനയിൽ ലൈഗിംക ചൂഷണം നടക്കുന്നുവെന്നായിരുന്നു ആർ ശ്രീലേഖയുടെ പരാമർശം. വനിതാ എസ്ഐയോട് ഡിഐജി മോശമായി പെരുമാറി എന്ന് ആർ ശ്രീലേഖ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിൽ എന്തു നടപടിയാണ് മുൻ ഡിജിപി ആർ ശ്രീലേഖ സ്വീകരിച്ചതെന്നും പോസ്റ്റിൽ ചോദ്യം.
പഞ്ചാബും വിധിയെഴുതി; വിജയ പ്രതീക്ഷയിൽ കോൺഗ്രസും ആം ആദ്മിയും
പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പ് പൂർത്തിയായി. എല്ലാ മേഖലകളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന വിജയ പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ.
അംബേദ്കറെ അപമാനിച്ചതിനെതിരെ ബെംഗളൂരുവിനെ സ്തംഭിപ്പിച്ച് ദലിത് പ്രതിഷേധം
ഭരണഘടന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ റായ്ച്ചൂർ ജില്ല ജഡ്ജി മല്ലികാർജുന ഗൗഡ പാട്ടീൽ അപമാനിച്ച സംഭവത്തിൽ ബെംഗളൂരുവിൽ ദലിത് സംഘടനകളുടെ വൻ പ്രതിഷേധം. ‘സംവിധാന സംരക്ഷണ വേദികെ മഹാ ഒക്കൂട്ട’യുടെ നേതൃത്വത്തിൽ വിധാൻ സൗധ ചലോ എന്ന തലക്കെട്ടിലാണ് ശനിയാഴ്ച വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കുറ്റക്കാരനായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നാരംഭിച്ച മാർച്ച് വിധാൻ സൗധ വഴി അനന്തറാവു സർക്കിളിൽ സമാപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London