സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യവും യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ മടക്കവും ചർച്ചയാകും. വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിൽ നോർക്ക മികച്ച പ്രവർത്തനം നടത്തിയെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതുവരെ 3097 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതർ അറിയിച്ചിരുന്നു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ നാട്ടിലെത്തിച്ചത്. ഡൽഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികൾക്ക് യാത്ര സൗകര്യമൊരുക്കി. രാജ്യത്ത് അധികം വിദ്യാർത്ഥികൾ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാർട്ടേർഡ് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതർ അറിയിച്ചു.
ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്; പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി
ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്; പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. ഇന്ധന കമ്പനികൾക്ക് വൻ കുടിശിക. പുറത്ത് നിന്നുള്ള കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഇന്ധന കമ്പനികള്‍ രണ്ടര കോടി രൂപയാണ് പൊലീസ് നല്‍കാനുള്ളത്.
ബജറ്റില്‍ നികുതി വര്‍ധനവുണ്ടാകുമെന്ന സൂചനകളുമായി ധനമന്ത്രി
ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി വർധനവ് പ്രതീക്ഷിക്കാം. എന്നാല്‍ വലിയോ തോതില്‍ നികുതി വര്‍ധിപ്പിക്കില്ല. സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുണ്ടാവുമെന്നും കെ റെയിലിനായി ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു.
വര്‍ക്കല തീപ്പിടിത്തം; മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും
വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര് മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും.
‘സുധാകരന്റെ ജീവിതം സി.പി.എം കൊടുത്ത ഭിക്ഷ’; നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലെന്ന് സി.വി വർഗീസ്
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിവാദ പരാമർശവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്നും സി.വി വര്‍ഗീസ് പറഞ്ഞു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി.വി.വർഗീസിൻ്റെ വിവാദ പരാമർശം.
ഗൂഢാലോചന കേസില്‍ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. പൊലീസുകാർ വാദികളായ കേസിൽ അന്വേഷണം നീതിയുക്തമായി നടക്കില്ല.
പോക്സോ കേസ്; റോയി വയലാറ്റും സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന
പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടൽ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞദിവസമാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനുപിന്നാലെ റോയ് വയലാറ്റിന്റെ വീട്ടിലടക്കം അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. കനത്ത പോരാട്ടം നടന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതിക്കഴിഞ്ഞു. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.
12 ദിവസം; 20 ലക്ഷം അഭയാർഥികൾ: അവസാനിക്കാതെ പലായനങ്ങൾ…..
റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയത് ഫെബ്രുവരി 24നായിരുന്നു. 12 ദിവസങ്ങൾക്കിപ്പുറം യുദ്ധം തകർത്ത യുക്രൈനിൽ നിന്ന് ജീവന് വേണ്ടി രാജ്യം വിട്ടോടിയത് 20 ലക്ഷം പേരെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. യു.എന്നിന്റെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ കണക്കുകൾ പ്രകാരം മാർച്ച് എട്ടിന് 2,011,312 പേരാണ് യുക്രൈനിൽ നിന്ന് പാലായനം ചെയ്തത്. തലേദിവസത്തെ അഭയാർഥികളുടെ എണ്ണത്തേക്കാൾ 276,244 കൂടുതലായിരുന്നു ഇത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London