യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു.
യുക്രൈനിൽ അടിയന്തരാവസ്ഥ; യുഎന്നിൻ്റെ സഹായം അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡൻ്റ്
റഷ്യൻ ആക്രമണ സാധ്യത നിലനിൽക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈൻ. റഷ്യയുടെ ആക്രമണമുണ്ടായാൽ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചു. നടപടികൾക്കെതിരെ റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി.
നിയമസഭാ സമ്മേളനം ഇന്നവസാനിക്കും
പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചർച്ചയും ഇന്ന് അവസാനിക്കും. വിവിധ വിഷയങ്ങളിൽ ഇന്നും ഭരണ – പ്രതിപക്ഷ വാക്പോരിന് സഭാതലം വേദിയാകും. ഇന്ന് പിരിയുന്ന സഭ ഇനി മാർച്ച് 11 നാണ് ചേരുക. അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് മാർച്ച് 11 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും.
രേണു രാജ് പുതിയ ആലപ്പുഴ ജില്ലാ കലക്ടർ; അദീല അബ്ദുല്ല ഫിഷറീസ് ഡയറക്ടർ
ആലപ്പുഴ ജില്ലാ കലക്ടർ ആയി രേണു രാജിനെ നിയമിച്ച് ഉത്തരവായി. നിലവിലെ കലക്ടർ എ. അലക്സാണ്ടർ വിരമിക്കുന്ന ഒഴിവിലേക്കാണ് രേണു രാജിനെ നിയമിച്ചത്. നഗരകാര്യ ഡയറക്ടർ സ്ഥാനത്തു നിന്നാണ് ഡോ. രേണു രാജ് കലക്ടർ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് നിലവിലെ കലക്ടർ എ. അലക്സാണ്ടർ വിരമിക്കുന്നത്. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാൽ തൽസ്ഥാനത്തിൻറെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവൻമാർക്കാകുമെന്നും സർക്കാർ അറിയിച്ചു.
ഹരിദാസ് കൊലക്കേസ്; കസ്റ്റഡിയിലെടുത്ത നിജിൽ ദാസിനെ വിട്ടയച്ചു
കണ്ണൂർ പുന്നോൽ ഹരിദാസ് വധക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആർ,എസ്.എസ് പ്രവർത്തകൻ നിജിൽ ദാസിനെ വിട്ടയച്ചു. ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പതിനൊന്നരക്ക് ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എത്താൻ നിജിൽദാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം
സാമ്പത്തിക കുറ്റാന്വേഷണത്തിന് സംസ്ഥാന പൊലീസ് സജ്ജമാകുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ അന്വേഷണ വിഭാഗത്തിന്റെ അന്തിമ രൂപരേഖയായി. പ്രത്യേക വിഭാഗം അടുത്ത സാമ്പത്തിക വർഷം യാഥാർത്ഥ്യമായേക്കും. ക്രൈംബ്രാഞ്ചിന് കീഴിലായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവർത്തിക്കുക. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കായിരിക്കും ഇതിന്റെ ചുമതല. ജില്ലാതലത്തിൽ ഡി.വൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ യൂണിറ്റുകൾ പ്രവർത്തിക്കും.
നവാബ് മാലികിൻ്റെ അറസ്റ്റ്: ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം
മഹാരാഷ്ട്രയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നവാബ് മാലികിൻ്റെ അറസ്റ്റിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ നവാബ് മാലികിന്റെ അറസ്റ്റ് ആഘോഷിച്ചത്. അതേസമയം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ദേശീയ ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുന്നെന്ന ആരോപണവുമായി എൻ.സി.പിയടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി
കർണാടകയിൽ ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. വിദ്യാർഥികളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് മാനസികമായി പീഡിപ്പിക്കുന്നത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുമായി വിദ്യാർഥികൾ രംഗത്ത് വന്നു.
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജിതം; രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടും
യുദ്ധഭീതിക്കിടെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജിതമായി തുടരുന്നു. പൗരന്മാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7:30ന് ഡൽഹിയിൽ നിന്ന് പുറപ്പെടും. രാത്രി 10:30ന് വിമാനം യാത്രക്കാരുമായി തിരികെ എത്തും. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളടക്കം 242 പൗരന്മാരുമായാണ് ഇന്ത്യയുടെ വന്ദേഭാരത് വിമാനം തിരികെയെത്തിയത്. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും ഉടൻ നാട്ടിലേക്കയക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London