കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത
സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും ചർച്ചയാകുക. രോഗവ്യാപനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങി; തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തിൽ പ്രതി കീഴടങ്ങി. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥൻ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഇയാൾ തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു.
വധഗൂഢാലോചന കേസ്; ദിലീപിൻറെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന്
വധഗൂഢാലോചന കേസിൽ നടൻ ദിലീപിൻറെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ എത്താനാണ് ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് നടത്തുന്നത്.
ലോകായുക്ത ഓർഡിനൻസ് പുറത്തിറങ്ങി
ലോകായുക്ത ഓർഡിനൻസ് പുറത്തിറങ്ങി. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തളളാം. ഇന്ന് രാവിലെയാണ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചത്. ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബിജെപിയും വിമർശനവുമായി രംഗത്തെത്തിയതിനുപിന്നാലെയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം; റോഡ് ഉപരോധിച്ച് നാട്ടുകാർ
തൃശൂർ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം . അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ ചാലക്കുടി അതിരപ്പിള്ളി റോഡ് ഉപരോധിക്കുന്നു. മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് അതിരപ്പപിള്ളയിലെ നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്.
കർഷക സമരം അവസാനിപ്പിക്കാറായില്ല; മിനിമം താങ്ങുവില പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി: രാകേഷ് ടികായത്ത്
കർഷക സമരം അവസാനിപ്പിക്കാറായില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത്. മിനിമം താങ്ങുവില പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിയെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ഇപ്പോഴും കർഷക ഉത്പന്നങ്ങൾ സംഭരിക്കുന്നത് മിനിമം താങ്ങുവില നൽകാതെയാണ്. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും കർഷകരോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസ് പയറ്റുന്നത് ഭിന്നിപ്പിച്ച് ഭരിക്കൽ നയം’; നെഹ്റുവിനെ ഉദ്ധരിച്ച് പ്രതിപക്ഷത്തിനെതിരെ വീണ്ടും മോദി
കേന്ദ്രസർക്കാർ ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയായി ലോക്സഭയിൽ കോൺഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈവിധ്യമാർന്ന സംസ്കാരങ്ങൾ നിലനിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിനെതിരെ ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നതെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. തമിഴ് വികാരത്തെ മുറിപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ഹിജാബ് വിലക്ക്; വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണ്.
യുപി തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ,ഉത്തർപ്രദേശിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രികയും പുറത്തിറക്കും. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രൂക്ഷമായ വാക്പോരാണ് ഉത്തർപ്രദേശിൽ പാർട്ടി നേതാക്കൾക്കിടയിൽ നടക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London