ട്വൻ്റി ട്വൻ്റി പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് സാബു എം.ജേക്കബ്
ട്വൻ്റി ട്വൻ്റി പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വൻ്റി ട്വൻ്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ്. മുൻകൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികൾക്ക് എംഎൽഎയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു. സ്ട്രീറ്റ് ചലഞ്ചിൽ എംഎൽഎ നടത്തിയ ഇടപെടലിൽ തികച്ചും സമാധാനപരമായ സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. അങ്ങനെയാണ് വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകൾ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുൻകൂട്ടി പതിങ്ങിയിരുന്ന സംഘം ദീപുവിനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാർഡ് മെമ്പർ സ്ഥലത്തെത്താൻ 15 മിനിട്ട് എടുത്തു. അതുവരെ അദ്ദേഹത്തെ മർദിച്ചു.
മലപ്പുറം ജില്ലയിലെ എൽപി അധ്യാപക റാങ്ക് ലിസ്റ്റ്; നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഉദ്യോഗാർത്ഥികൾ
മലപ്പുറം ജില്ലയിൽ എൽപി സ്കൂൾ അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം ഉടൻ പൂർത്തിയാക്കി നിയമനം നടത്തണമെന്ന് റാങ്ക് ഹോൾഡേഴ്സ്. നിലവിൽ മിക്ക ജില്ലകളിലും എൽപി അഭിമുഖം പൂർത്തിയാകാറായി. മലപ്പുറത്ത് മാത്രമാണ് നിയമനം ഇഴഞ്ഞുനീങ്ങുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. 615 ഒഴിവുകളാണ് മലപ്പുറം ജില്ലയിൽ ആകെയുള്ളത്.
അഹമ്മദ് ദേവർകോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഐഎൻഎൽ വഹാബ് പക്ഷം
അഹമ്മദ് ദേവർകോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാൻ ഐഎൻഎൽ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും. മുൻ പ്രസിഡന്റ് എ പി അബ്ദുൽ വഹാബിനെയും ഒപ്പമുള്ളവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.
ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; ആറ് പേർ അറസ്റ്റിൽ
ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. കൊലപാതകത്തിന് പിന്നിലെ മുഖ്യപ്രതി നന്ദുവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.അതേസമയം രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിനു പിന്നിലെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു.
കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 പേർ മരിച്ചു
നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു 2 പേർ മരിച്ചു. പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപം പുലർച്ചെ 2.30നാണ് അപകടം. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചാങ്കം 2022; ഉത്തർപ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് നാളെ. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായ് 59 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചരണം ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ഈ മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിൻപുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാൻസി, ലളിത്പൂർ, ഹമീർപൂർ, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തിൽ ബൂത്തിൽ എത്തുക. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ അടക്കം മുന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
കയർ മേഖലയിൽ പ്രതിസന്ധി രൂക്ഷം; സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനങ്ങളിൽ മാത്രമെന്ന് തൊഴിലാളികൾ
സംസ്ഥാനത്ത് കയർ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്പാദനം കുറഞ്ഞതും നേരത്ത നിർമിച്ച ഉൽപ്പന്നങ്ങൾ കെട്ടികിടക്കുന്നതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ബജറ്റിൽ കയർമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിനിടെ എഐടിയുസി പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. കയറ്റുമതി ഓർഡറുകളും ആനുകൂല്യങ്ങളും ഒക്കെ സർക്കാർ വാഗ്ദാനങ്ങളിൽ മാത്രമാണെന്ന് മേഖലയെ ആശ്രയിച്ച് കഴിയുന്നവർ പറയുന്നു. സേവന വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങളും ഉൽപ്പാദനത്തിനു അനുസരിച്ച് വിപണി കണ്ടെത്താൻ കഴിയാത്തതും മേഖലയെ തളർത്തി.
ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപിയാനിലെ സൈനാപോര മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സൈനാപോരയിലെ ചെർമർഗിൽ പൊലീസും സേനയും സംയുക്തമായി ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലാരംഭിച്ചത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. നിലവിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London