സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ. ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ജില്ലയിൽ പ്രതിദിന കൊവിഡ് 1000 കടന്നു. 1072 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്ക് ധരിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി.
എസ്എസ്എൽസി വിജയശതമാനം 99.26 ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികൾ
ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്
‘മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി’; സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വ്യക്തമാക്കുന്നു. ഷാർജാ രാജകുടുംബാംഗം എതിർത്തതിനെ തുടർന്നാണ് ഡീൽ നടക്കാതിരുന്നതെന്നും സ്വപ്ന പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യ: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യയെന്നും മതത്തിന്റെ വേർതിരിവില്ലാതെ ആർക്കും ഭരണഘടനാപരമായ പരമോന്നത സ്ഥാനം വഹിക്കാമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡർഷിപ്പിലെ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് ഉപ-രാഷ്ട്രപതി മതേതരത്വത്തെപ്പറ്റി വാചാലനായത്. ഇന്ത്യക്കാർ അവരുടെ സ്വന്തം സംസ്കാരത്തിൽ അഭിമാനിക്കുക മാത്രമല്ല, എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുക കൂടി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം മജിസ്ട്രേറ്റ് കോടതി തള്ളി
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി ഉത്തരവായി. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. അന്വേഷണവുമായി ബന്ധപ്പെട്ടു പൊലീസ് വിമാനത്തിലെ യാത്രക്കാരുടെ മൊഴിയെടുത്തു. അതേസമയം ഇ.പി. ജയരാജന് എതിരായി ലഭിച്ച പരാതികൾ എ.ഡി.ജി.പി.ക്ക് കൈമാറിയിട്ടുണ്ട്.
‘ഞങ്ങൾ പിരിയുന്നു’; സംഗീതലോകത്ത് നിന്ന് ദീർഘമായ ഇടവേള എടുക്കുന്നുവെന്ന് ബിടിഎസ്
ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ്. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ഇപ്പോഴിതാ ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London