വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കൾ മോശമായി പെരുമാറുന്നു; സി.പി.എം സമ്മേളനത്തിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആർ.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിലാണ് മന്ത്രി ആർ.ബിന്ദുവിന്റെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എം.എൽ.എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം.
സി.പി.എം സംസ്ഥാന സമ്മേളനം; സംസ്ഥാന നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലയിലെ പ്രതിനിധികൾ
സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ നേതൃത്വത്തിനെതിരെ വിമർശനം. മലപ്പുറം ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് മലപ്പുറം ജില്ലയിലെ പ്രതിനിധികൾ. വി.പി സാനുവും ഇ. ജയനും ഈ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചു. സമ്മേളനത്തിൽ കണ്ണൂർ അടക്കമുളള ജില്ലകളിൽ നിന്ന് പൊലീസിനെതിരെയും വിമർശനമുയർന്നു. ചില പൊലീസുകാർക്ക് ഇടത് നയമില്ല. സംഘപരിവാർ നയമാണുള്ളത്. ഇത് ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു.
കൊല്ലത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ വീട്ടിൽ കയറി പതിനാറുകാരനെ മർദിച്ചതായി പരാതി
കൊല്ലത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ അർധരാത്രി വീട്ടിൽ കയറി പതിനാറുകാരനെ മർദിച്ചതായി പരാതി. ചവറ സ്വദേശി അദൻ ഷായാണ് പരാതി നൽകിയത്. ആരോപണം തെക്കുംഭാഗം പൊലീസ് നിഷേധിച്ചു. ഫെബ്രുവരി 27 നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. തെക്കുംഭാഗം സ്റ്റേഷനിലെ 3 പൊലീസുകാരും സമീപവാസികളായ ഒരു സംഘം യുവാക്കളും എത്തി ജനൽച്ചില്ലുകൾ പൊട്ടിക്കുകയും കതക് ചവിട്ടുത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു എന്ന് അദൻ ഷാ പറയുന്നു. കിടക്ക വിരി ഉപയോഗിച്ച് പൊലീസ് കൈകൾ പുറകോട്ട് കെട്ടി യുവാക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും യുവാക്കൾ ചേർന്ന് മർദിക്കുകയുമായിരുന്നു.
കാസർകോട് ജില്ലയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി
കാസർകോട് ജില്ലയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം പുറത്തുവന്നത്. വ്യത്യസ്ത സംഭവങ്ങളിലായാണ് വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹിജാബ് നിഷേധിക്കാൻ ആർക്കാണ് അധികാരം: ബൃന്ദ കാരാട്ട്
ഹിജാബിന്റെ പേരിലുള്ള വിവാദം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഹിജാബ് ധരിക്കാൻ പാടില്ലെന്ന് നിഷ്കർഷിക്കാൻ ആർക്കാണ് അധികാരമെന്നും അവർ ചോദിച്ചു. ദേശാഭിമാനി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൃന്ദ ഇതേക്കുറിച്ച് സംസാരിച്ചത്.
യുക്രൈനിൽ നിന്ന് 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും. റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക. റൊമാനിയയിൽ നിന്നുള്ള വിമാനമാണ് ആദ്യം ഡൽഹിയിലെത്തുക. അതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിർത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. വിദ്യാർഥികളെ യുക്രൈൻ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ.
യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന്
യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യൻ പ്രതിനിധി സംഘത്തലവൻ വ്ളാദിമിർ മെഡിൻസ്കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ചർച്ചയ്ക്കൊരുങ്ങുമ്പോൾ യുക്രൈൻ വ്യക്തമാക്കുന്നത്. സൈനിക പിൻമാറ്റമാണ് യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
യുദ്ധമെന്ന് പറയരുത്, ഉപയോഗിക്കേണ്ടത് ഇങ്ങനെ; മാധ്യമങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്
യുക്രൈനിൽ റഷ്യൻ ആക്രമണം തുടരവേ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ സർക്കാർ. ‘റഷ്യൻ അധിനിവേശം’, ‘യുദ്ധം’ എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്നും പകരം ‘പ്രത്യേക സൈനിക ഓപറേഷൻ’ എന്ന വാക്ക് ഉപയോഗിക്കണമെന്നുമാണ് നിർദേശം. അല്ലാത്ത പക്ഷം വെബ്സൈറ്റിന്റെ പ്രവർത്തനം നിരോധിക്കുമെന്ന തരത്തിലുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സ്കൂളുകളിടക്കം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളുകളിൽ യുദ്ധം പ്രമേയമാക്കി പ്രത്യേക സാമൂഹിക പഠന ക്ലാസുകളാണ് ഇപ്പോൾ തുടങ്ങിയിട്ടള്ളത്. ഇതിനായി സ്കൂളുകളിൽ പ്രത്യേക കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London