തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ ഉയര്‍ന്ന അതേ സാഹചര്യത്തിലാണ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് പരീക്ഷയെഴുതാനെത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണം ഉണ്ടായതിനാല്‍ പ്രത്യേക മുറിയിലായിരുന്നു പരീക്ഷയ്ക്കിരുത്തിയത്.
പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷയെഴുതി വിദ്യാര്‍ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് പരീക്ഷ നടത്തിയത് നേരത്തെ വിവാദമായിരുന്നു. പട്ടത്തെ പരീക്ഷ സെന്ററില്‍ സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ഥികളും മാതാപിതാക്കളും കൂട്ടം കൂടിയതും ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇതിനോടകം 2000 കടന്നിട്ടുണ്ട്. ഇവരിലേറെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ് എന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 93 ശതമാനമാണെന്നാണ് കണക്ക്.
© 2019 IBC Live. Developed By Web Designer London