ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടു വർഷം. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് ബഷീർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ കൊല്ലപ്പെടുന്നത്. അപകടം നടന്ന് അൽപ സമയത്തിനകം മ്യൂസിയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായ നിമിഷം മുതൽ തെളിവുകൾ നശിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രതിയുടെ രക്ത പരിശോധന പോലും എട്ടു മണിക്കൂറിനു ശേഷമാണ് നടത്തിയത്. അതും മാധ്യമപ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച ശേഷം. ശ്രീറാമിന്റെ താത്രപര്യ പ്രകാരം മികച്ച ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പൊലീസ് അഡ്മിറ്റ് ചെയ്തത്. രക്ത പരിശോധന നടത്താൻ തയ്യാറായും ഇല്ല. പിന്നീട് അത് നടത്തിയപ്പോഴേക്കും വിലപ്പെട്ട ഒരു തെളിവ് ആസൂത്രിതമായ നീക്കത്തിൽ ഇല്ലാതായിക്കഴിഞ്ഞിരുന്നു–രക്തത്തിൽ ആൽക്കഹോളിന്റെ അംശം പരിശോധനയിൽ കണ്ടെത്താനായില്ല.
വെറും അപകടമരണം മാത്രമാക്കി ചുരുക്കാനുള്ള ഉന്നത ഗൂഢാലോചനയാണ് ആദ്യമേ നടന്നത്. ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്റ് ചെയ്തു. എന്നാൽ പിന്നീട് കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിലെ ഉന്നത പദവിയിൽ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തെ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷിച്ചെങ്കിലും ആദ്യഘട്ടത്തിൽ വാഹനത്തിന്റെ അമിത വേഗം സംബന്ധിച്ച് പരിശോധന ഒഴിവാക്കാനുള്ള നീക്കം നടക്കുകയുണ്ടായി.
വാഹനത്തിന് 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും, തെളിവു നശിപ്പിക്കലുമടങ്ങുന്ന കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാവുന്ന രീതിയിലുള്ള തെളിവുകളുടെ അഭാവം കേസിനെ ബാധിക്കാനിടയുണ്ടെന്ന് സംശയിക്കപ്പെടുന്നു. നേരിട്ട് ഹാജരാകാൻ പലതവണ കോടതി ആവശ്യപ്പെട്ടെങ്കിലും, ശ്രീറാം വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.ആഗസ്ത് 9ന് കേസ് വീണ്ടും പരിഗണിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London