നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. കോഴികോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.
അഘോരശിവം, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂർ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകൾ, ഖാദറിന്റെ പെണ്ണുങ്ങൾ എന്നിവ പ്രധാന കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് (രണ്ടു തവണ), അബുദാബി ശക്തി അവാർഡ്, എസ് കെ പൊറ്റെക്കാട്ട് അവാർഡ്, മലയാറ്റൂർ അവാർഡ്, സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചു.
കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്. മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ് മരണപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട് ഏഴാം വയസ്സിൽ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്ട്സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.
1956ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്തനായി. 1957ൽ ദേശാഭിമാനി ദിനപത്രത്തിന്റെ ‘പ്രപഞ്ചം’ വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്തു. 1990ൽ സർക്കാർ സർവിസിൽ നിന്നും വിരമിച്ചു.
ഫാത്തിമാബീവിയാണ് യുഎ ഖാദറിന്റെ ഭാര്യ. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ. മരുമക്കൾ: കെ.സലാം , സഗീർ അബ്ദുല്ല, സുബൈദ, ഷെരീഫ, റാഹില. സംസ്കാരം ഞായറാഴ്ച.
© 2019 IBC Live. Developed By Web Designer London