തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിൻ്റെ നെടുംകോട്ടകൾ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകൾ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.
നാലരവർഷക്കാലത്തെ എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സർക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണ പ്രചാരണങ്ങൾക്ക് ജനങ്ങൾ വിലകൽപ്പിക്കുന്നില്ല. സ്വന്തം ജീവിതത്തിൽ ഈ സർക്കാരിൻ്റെ ഇടപെടൽ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാൻ അപവാദപ്രചാരണങ്ങൾക്ക് കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സംസ്ഥാനതലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. രാജ്യത്തിൻ്റെ മറ്റൊരു ഭാഗത്തുംഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിയത്. പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും കോവിഡ് കാലത്തും ജനങ്ങൾ പട്ടിണിയാകാതിരിക്കാനും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനുമാണ് സർക്കാർ ശ്രദ്ധിച്ചത്. ഇവിടെ കോവിഡ് പരിശോധനയും ചികിത്സയും പൂർണ്ണമായും സൗജന്യമാണ്.
ലോക്ക്ഡൗൺ കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ സ്ഥാപിച്ചും, മരുന്നും ഭക്ഷണവുമെത്തിച്ചും, അതിഥി തൊഴിലാളികളെ സംരക്ഷിച്ചും, വൈദ്യുതി നിരക്കിലും റോഡ് നികുതിയിലും സബ്സിഡി നൽകിയും കേരളം രാജ്യത്തിന് മാതൃകയായി. കോവിഡ് കാലത്ത് 20,000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങളേയും കാർഷികമേഖലയേയും സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ ആരംഭിച്ചു. ഇത് ആരു ശ്രമിച്ചാലും കേരളീയരുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്ന അനുഭവങ്ങളല്ല.
യു.ഡി.എഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു. സർക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച്’ അഴിമതിക്കെതിരെ ഒരുവോട്ട്’എന്ന് പറഞ്ഞവർ അഴിമതിയുടെ ആഴങ്ങളിൽമുങ്ങുകയാണ്. പ്രതിപക്ഷത്തെ ഒരു എം.എൽ.എ തട്ടിപ്പ് കേസിൽ ജയിലിലാണ്. ഒരു മുൻമന്ത്രി അഴിമതിക്കേസിൽ റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെ തന്നെ ഗുരുതരമായ കോഴ ആരോപണം വന്നിരിക്കുന്നു. പാലാരിവട്ടം പാലം പോലെ തകർന്നുവീഴുകയാണ് ആ മുന്നണി. ദുരാരോപണങ്ങൾ മാധ്യമസഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊരു രാഷ്ട്രീയവും പറയാൻ കഴിയാത്ത അവസ്ഥയിലാണ യു ഡി.എഫ്.
ഒരോ തെരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള കെൽപ്പില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗിക്കുകയാണ്. പ്രചാരണരംഗത്ത് വർഗീയതയുടെ വിഷം കലർത്താനും ശ്രമമുണ്ടാകുന്നു. സ്വന്തം സ്ഥാനാർത്ഥികളെ നിർത്താതെ യു ഡി.എഫിനെ സഹായിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പുറത്തുവന്നിരിക്കുന്നു.
കോ ലീ ബി സഖ്യത്തെ ചെറുത്ത് പരാജയപ്പെടുത്തിയതാണ് കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യം. അതാണ് ഇത്തവണയും ആവർത്തിക്കാൻ പോകുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് എൽ.ഡി.എഫിൻ്റേത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ വിഭവങ്ങളും സാധ്യതകളും പകർന്നു നൽകിയ സർക്കാരാണിത്.
ആധുനികചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രി ശൃംഖലയും, ഹൈടെക്കായിമാറിയ പൊതുവിദ്യാലയങ്ങളും, പച്ചപ്പും ഉത്പാദനക്ഷമതയും വീണ്ടെടുത്ത കൃഷിയിടങ്ങളും ഈ നാടിൻ്റെ മുഖംതന്നെ മാറ്റിയിരിക്കുന്നു. കിടപ്പാടം വിദൂരസ്വപ്നമായിരുന്ന രണ്ടര ലക്ഷത്തിലധികം കുടുംബങ്ങൾ ഇന്ന് സ്വന്തം വീടുകളിലാണ് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. ചലനാത്മകമായ പൊതുവിതരണ സംവിധാനവും ജീവിത സായാഹ്നത്തിൽ സ്വന്തം വരുമാന സ്രോതസ്സായി ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ മുഖങ്ങളിലെ നിറഞ്ഞചിരിയും ഈ സർക്കാരിന്റെ നേട്ടങ്ങൾ തന്നെയാണ്.
98.92 റേഷൻ കാർഡുടമകൾക്ക് 2876 കോടിരൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകളാണ് കോവിഡ് കാലത്ത് വിതരണം ചെയ്തത്. 30515.91 കോടിരൂപയാണ് ക്ഷേമ പെൻഷനുകളായി ഇക്കഴിഞ്ഞ മാസംവരെ ഈ സർക്കാർ ജനങ്ങളിലെത്തിച്ചത്. അസാധ്യമെന്നു കരുതി എഴുതിത്തള്ളിയ ഗെയിൽ പൈപ്പ്ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർഥ്യമായതും ദേശീയപാതാവികസനം സാധ്യമായതും ഈ സർക്കാരിന്റെ നിശ്ചയ ദാർഢ്യംകൊണ്ടാണ്. ഇതൊക്കെ ഏതെങ്കിലും കുപ്രചാരണത്തിന്റെ പഴമുറം കൊണ്ട് മറച്ചുപിടിക്കാൻ കഴിയുന്നതല്ല.
വർഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ഒരു പോലെ മത്സരിക്കുകയാണ്. ഒരേസമയം ബി.ജെ.പിയുമായും ജമാഅത്ത് ഇസ്ലാമിയുമായും കൈകോർക്കുകയാണ് യു.ഡി.എഫ്. അതിനെതിരെ അവരുടെഅണികൾക്കിടയിൽതന്നെ ശബ്ദം ഉയർന്നിരിക്കുന്നു. വഞ്ചനാപരമായ ഈ നിലപാടും അവിശുദ്ധ കൂട്ടുകെട്ടും ജനവിധിയിൽ പ്രതിഫലിക്കും.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അപവാദ പ്രചാരണങ്ങളും നുണകളുടെ നിർമ്മാണവും വ്യാപകമായി നടത്താൻ വലതുപക്ഷ കേന്ദ്രങ്ങൾ തയ്യാറാകുന്നുണ്ട്. ഓരോ ദിവസവും പുതിയ നുണഅവതരിപ്പിക്കുക, അത് തകരുമ്പോൾ മറ്റൊന്നിലേക്കു പോവുക എന്ന രീതിയാണ്. അത്തരം ഹീന നീക്കങ്ങളെ തുറന്നുകാട്ടാൻ എൽ.ഡി.എഫ് പ്രവർത്തകരും, ജാഗ്രതയോടെഅവയെ കാണാൻ ജനങ്ങളും തയാറാകണമെന്നുമുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ദേശീയ തലത്തിൽ ആഞ്ഞടിക്കുന്ന തൊഴിലാളി കർഷകരോഷവും വർഗീയജനവിരുദ്ധ നിലപാടുകളിലുള്ള പ്രതിഷേധവും മറികടക്കാൻ ബി.ജെ.പിക്ക് കഴിയില്ല. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനേകം ഉത്തരങ്ങൾ ജനങ്ങളുടെ ജീവിതാനുഭവത്തിൽ തന്നെയുണ്ട്. കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും തൊഴിലില്ലായ്മയും കാർഷികവ്യാവസായികമേഖലകളിലെതകർച്ചയും പ്രാകൃതവും അപരിഷ്കൃതവുമായ നടപടികളുമാണ്ചൂണ്ടിക്കാണിക്കാനാവുക. അത് കൃത്യമായിതിരിച്ചറിയുന്ന ജനങ്ങൾ ബി.ജെ.പിയെഅർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഉയർത്തുന്ന ബദൽ നയങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് കോൺഗ്രസ്സും ബി.ജെ.പിയും ജനങ്ങൾക്ക് മുമ്പിൽ നിൽക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനകം അഞ്ചു മനുഷ്യ ജീവനുകളാണ് അവർ ഇല്ലാതാക്കിയത്. കൊല്ലപ്പെട്ടത് സി.പി.ഐ (എം) പ്രവർത്തകരാണ്. മുഖ്യധാര മാധ്യമങ്ങൾ തമസ്ക്കരിച്ചാലും ആ ക്രൂര കൊലപാതകങ്ങൾ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്. അതും യു.ഡി.എഫ് ബി.ജെ.പി കൂട്ടുകെട്ടിന് ആഘാതമാകും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാരിന്റെ കൂടുതൽ തിളക്കത്തോടെയുള്ള തുടർച്ചക്ക് അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലം മാറും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, എല്ലാവിധ മുൻകരുതലുമെടുത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി വോട്ടർമാരോട് അഭ്യർത്ഥിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London