യുക്രൈനിൽ അതിക്രമിച്ച് കയറിയ 800 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യൻ ടാങ്കുകൾ വെടിവെച്ച് തകർത്തതായും അവർ വെളിപ്പെടുത്തി. ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്ന യുക്രൈൻ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സി.എൻ.എൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമായും കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് യുക്രൈൻ. യുക്രൈൻ തകർത്ത റഷ്യൻ വിമാനം ബഹുനില കെട്ടിടത്തിൽ ഇടിച്ചതായും റിപ്പോർട്ടുകളുണ്ട്. യുക്രൈനിൽ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ കൂടുതൽ ഉപരോധവുമായി അമേരിക്കയും ജപ്പാനും രംഗത്തെത്തി. അമേരിക്കയുടെ റഷ്യയിലുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്. വ്യക്തികൾക്കും വിവിധ വ്യവസായങ്ങൾക്കും ഉപരോധം ബാധകമാണെന്നും ജോബൈഡൻ വ്യക്തമാക്കി. റഷ്യയ്ക്ക് മേൽ സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഉപരോധം ഏർപ്പെടുത്താനാണ് ജപ്പാന്റെ തീരുമാനം. റഷ്യൻ നീക്കത്തെ അപലപിക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അതേസമയം റഷ്യ-യുക്രൈൻ സംഘർഷത്തിൽ അനുനയ ശ്രമങ്ങളുമായി ഫ്രാൻസ് രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യൻ ആക്രമണത്തിന്റെ ആദ്യ ദിവസം 137 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London