ന്യൂയോര്‍ക്ക് (ഐക്യരാഷ്ട്രസഭ): കശ്മീര്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിക്ക് മുന്പില് എത്തുന്നു. വെള്ളിയാഴ്ച്ച ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ യുഎന്‍ സുരക്ഷ സമിതിയുടെ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അടഞ്ഞവാതില് ചര്‍ച്ചയാണ് വിഷയത്തില്‍ ഉണ്ടാകുക. ചൈന, പാകിസ്ഥാന് ആവശ്യപ്പെട്ടത് കൊണ്ടാണ് വിഷയം ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി ഒഴിവാക്കിയത് പാകിസ്ഥാന് ചര്‍ച്ച ചെയ്യാന്‍ അജണ്ടയായി അവതരിപ്പിക്കും.
ഇന്നത്തെ ചര്‍ച്ചയില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകാന്‍ സാധ്യതകളില്ല. കാരണം പതിനഞ്ച് അംഗ സുരക്ഷ സമിതിയില്‍ ചൈന പാകിസ്ഥാനെയും യുഎസ്എ ഇന്ത്യയെയും ആണ് പിന്തുണയ്ക്കുക എന്ന് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട് തന്നെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദിയില്‍ അവതരിപ്പിക്കാന്‍ പാകിസ്ഥാന് കഴിയും എന്നതിനപ്പുറം പ്രത്യേകിച്ച് നടപടികള്‍ക്ക് സാധ്യതയില്ല.
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നല്കിയ പ്രത്യേക പദവിയും അവകാശങ്ങളും പിന്‍വലിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇതോടെ സ്വയംഭരണ അധികാരവും ഇരട്ടപൗരത്വവും അടക്കമുള്ള ആനുകൂല്യങ്ങള്‍ കശ്മീരിന് നഷ്ടമായി.
പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നത് കൊണ്ട് ജമ്മു കശ്മീരില്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയുമാണ് ഇന്ത്യ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തത്.
ചൊവ്വാഴ്ച്ച പാകിസ്ഥാന് വിദേശകാര്യവകുപ്പ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സുരക്ഷ സമിതിക്ക് കത്ത് നല്‍കിയിരുന്നു. പാകിസ്ഥാന് സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇന്ത്യ പാകിസ്ഥാന്റെ ജാഗ്രതയെ ഇന്ത്യ ബലഹീനതയായി കാണരുത്. ഇന്ത്യ മേഖലയില്‍ ബലംപ്രയോഗിച്ചാണ് തീരുമാനം എടുത്തത്. ഇന്ത്യ ഇനിയും ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ പാകിസ്ഥാന് തിരിച്ചടിക്കും – ഖുറേഷി കത്തില്‍ പറഞ്ഞു.
യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. കശ്മീരിനെ നേരിട്ട് ബാധിക്കുന്ന ഒരു കടുത്ത തീരുമാനവും ഇരുരാജ്യങ്ങളും എടുക്കരുത്. ഇന്ത്യ നിയന്ത്രിക്കുന്ന കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഉല്ക്കണ്ഠയുണ്ടെന്നും യുഎന്‍ തലവന്‍ പ്രതികരിച്ചു.
1948, 1950 വര്‍ഷങ്ങളില്‍ ഇന്ത്യ പാകിസ്ഥാന് പ്രശ്നത്തില്‍ യുഎന്‍ ഇടപെട്ടിരുന്നു. ഭാഗദേയം ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ അവസരം നല്കുന്ന വോട്ടെടുപ്പ് വേണമെന്ന് പോലും യുഎന്‍ അവകാശപ്പെട്ടിരുന്നതാണ്. 1949 മുതല്‍ യുഎന്‍ സമാധാനപാലകര്‍ കശ്മീരില്‍ ഉണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം തടയാന്‍ വേണ്ടിയാണിത്. പക്ഷേ, സംഘര്‍ഷം ഇപ്പോഴും തുടരുന്നു.
© 2019 IBC Live. Developed By Web Designer London