ലഖ്നൗവിലെ കെ.ജി.എം.യു. ട്രോമ സെന്ററിലെ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലായി ഉന്നാവോയിലെ പെണ്‍കുട്ടി.കൊലപാതകശ്രമമെന്ന് സംശയിക്കുന്ന വാഹനാപകടത്തില്‍ തോളെല്ലിലും വാരിയെല്ലിലും വലതു തുടയെല്ലിലും പൊട്ടലുണ്ട്. ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു. വാരിയെല്ലുകളിലൊന്ന് ശ്വാസകോശത്തില്‍ തുളച്ചു കയറി. അതിനാല്‍ ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗം തലവന്‍ ഡോ. സന്ദീപ് തിവാരി പറഞ്ഞു.
ഒപ്പം വാഹനത്തിലുണ്ടായിരുന്ന അഭിഭാഷകന്റെയും നില അതിഗുരുതരമാണ്. 13 എല്ലുകള്‍ക്കു പൊട്ടലേറ്റു. തലയ്ക്കും പരിക്കുണ്ട്. ഇരുവരുടെയും ചികിത്സരച്ചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഞായറാഴ്ചയാണ് റായ്ബറേലിയില്‍ വെച്ച് ട്രക്കിടിച്ചുകയറിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടുസ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു. ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗറില്‍നിന്ന് ഇവര്‍ക്കു ഭീഷണിയുണ്ടായിരുന്നു. ഇരയെ ഇല്ലാതാക്കാനുള്ള ആസൂത്രിത അപകടമാണെന്ന ആരോപണത്തെത്തുടര്‍ന്ന് സേംഗറടക്കം പത്തുപേര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഈ കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിട്ടുകൊണ്ടുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അയച്ചതായി യു.പി.യിലെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു.
അതുവരെ കേസ് അന്വേഷിക്കാന്‍ അഡീഷണല്‍ എസ്.പി. ഷാഹി ശെക്താറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി.) രൂപം നല്കി. ദേശീയ വനിതാകമ്മിഷന് സംഘം ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. റായ്ബറേലി ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന് മഹേഷ് സിങ്ങിന് ഒരുദിവസത്തെ പരോളനുവദിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരിലൊരാള്‍ ഇദ്ദേഹത്തിന്റെ ഭാര്യയാണ്. ശവസംസ്കാരത്തില്‍ പങ്കെടുക്കാനാണ് അനുമതി.
കുല്‍ദീപ് സിങ് സേംഗറിനെ പാര്‍ട്ടി നേരത്തേ സസ്പെന്‍ഡു ചെയ്തതാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും യു.പി. ബി.ജെ.പി. അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്. പാര്‍ട്ടിയും സര്‍ക്കാരും ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സേംഗറിനെ ബി.ജെ.പി. സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണു പാര്‍ട്ടിയധ്യക്ഷന്റെ പ്രസ്താവന.
© 2019 IBC Live. Developed By Web Designer London