കൊച്ചി: താന്‍ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. അക്കാര്യം എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ജി. സുധാകരന് തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നില്‍ എന്നാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അമ്പത് കൊല്ലത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരന്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ക്രിമിനലുകള്‍ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, വി. മുരളീധരന്റെ കോവിഡിയറ്റ് പരാമര്‍ശത്തെ അനുകൂലിച്ച് കുമ്മനം രാജശേഖരന് രംഗത്തെത്തി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി അപകടകാരിയായ രാഷ്ട്രീയ നേതാവാണെന്ന് കുമ്മനം പറഞ്ഞു. ജനങ്ങളോട് മുഖ്യമന്ത്രി ക്രൂരതയാണ് ചെയ്തത്. അത് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനുണ്ട്. വി. മുരളീധരന് അതാണ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London