വാളയാർ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി നേരത്തെ തന്നെ ഉത്തരവിട്ടിട്ടിരുന്നു. എന്നാൽ കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ച വാളയാർ കേസിൽ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി അനുമതി നൽകിയിരുന്നു . പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
2017 ജനുവരി 13നാണ് 13 വയസുകാരിയായ മൂത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിന് ശേഷം മാർച്ച് നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആദ്യ മരണത്തിന്റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കണ്ടെത്തൽ. രണ്ടുകുട്ടികളും ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്ഐ പി സി ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് കേസ് ചുമതല നാർകോട്ടിക് സെൽ ഡിവൈഎസ്പി എം ജെ സോജന് കൈമാറിയത്. കേസിൽ കല്ലങ്കാട് വി മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു, ചേർത്തല സ്വദേശി പ്രദീപ്കുമാർ എന്നിവരായിരുന്നു പ്രതികൾ. പിന്നീട് ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London