തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്.
എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ആക്രിക്കടയില്‍ വില്ക്കാന് കൊടുത്ത സംഭവം അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തെക്കുറിച്ച് സ്ഥാനാര്‍ഥിയുമായി സംസാരിച്ചു. വിഷയം പരിശോധിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗതയില്‍ അന്വേഷണം നടത്തും.
ഇത് ഒറ്റപ്പെട്ട സംഭവമാണോ ഇതിന് പിന്നില്‍ ഏതെങ്കിലും നേതാക്കന്മാര്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാവാന്‍ നിരവധി പേര് താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് വീണയെ തീരുമാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London