തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്ന കേസില്‍ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി വ്യവസായമന്ത്രി ഇ പി ജയരാജന് രംഗത്ത്. കേസില്‍ അറിസ്റ്റിലായവര്‍ എല്ലാം കോണ്‍ഗ്രസുകാരെന്നും ഇവര്‍ക്ക് ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മിഥിലാജിനേയും ഹക് മുഹമ്മദിനേയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് അടൂര്‍ പ്രകാശിനെയാണ്. ലക്ഷ്യം നിറവേറ്റി എന്നാണ് ഇവര്‍ അടൂര്‍ പ്രകാശിന് നല്കിയ സന്ദേശം. ഇതിന് പിന്നില്‍ ശക്തമായ ഇടപെടലും ഗൂഢാലോചനയും നടന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. പ്രതികളെ രക്ഷിക്കുന്നതിനും പ്രതികള്‍ക്ക് വേണ്ട എല്ലാ സഹായം ചെയ്യുന്നതിനും അടൂര്‍ പ്രകാശിന് പങ്കുണ്ടെന്നും ഇ പി ജയരാജന് ആരോപിച്ചു. അടൂര്‍ പ്രകാശിന്റെ പങ്കും അന്വേഷണ പരിധിയില്‍ വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഡി വൈ എഫ് ഐ പ്രവര്ത്തകന് ഫൈസല്‍ ആക്രമണത്തിന് ഇരയായപ്പോഴും പ്രതികളെ രക്ഷിക്കാന്‍ അടൂര്‍ പ്രകാശ് ഇടപെട്ടതായി സി പി എം ജില്ലാ നേതൃത്വം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതിയായ സജിത് വാട്ട്സാപ്പിലൂടേയും മറ്റും സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചതായും സി പി എം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.
© 2019 IBC Live. Developed By Web Designer London