ഡിക്സണ്‍ ഡിസില്‍വ
ആര്‍ടിഐ കേരള ഫെഡറേഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍
കേരളത്തില്‍ അധികമാരും പറഞ്ഞുകേട്ടിട്ടുള്ള വാക്കല്ല എന്‍കൗണ്ടര്‍ എന്നത്. സിനിമയിലൊക്കെ മാത്രമാണ് പോലീസിന്റെ എന്‍കൗണ്ടറുകള്‍ കണ്ടുശീലം.അതിലാകട്ടെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുമെന്ന്നായകന് ഉറപ്പിക്കുന്ന തീവ്രവാദിയെ/കൊള്ളക്കാരനെ പോലീസ് ഹീറോ വെടിവെച്ചുകൊല്ലുമ്പോഴുള്ള ആരാധകരുടെ കൈയ്യടിക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലും എന്‍കൗണ്ടര്‍, വ്യാജഏറ്റുമുട്ടല്‍ എന്ന പ്രയോഗങ്ങള്‍ കേട്ടുപരിചിതമായി. ഇവിടെയും മാവോയിസ്റ്റ് വേട്ടകളുടെ രൂപത്തില്‍ എന്‍കൗണ്ടറുകള്‍ നടക്കുന്നു, പ്രതികളായവര്‍ കൊല്ലപെടുന്നു, കുറച്ചുനാളുകള്‍ ചര്‍ച്ചകളാല്‍ ചാനലുകളിലും, പത്രത്താളുകളിലും വിഷയം കത്തിനില്ക്കുന്നു, പിന്നീട് മറ്റൊരുവിഷയത്തിന് വഴിമാറികൊടുത്ത് എന്‍കൗണ്ടര്‍ വിഷയം അവസാനിക്കുന്നു. ഇതൊക്കെയാണ് പതിവ്.
എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ഥിതിയില്‍ എന്‍കൗണ്ടറുകള്‍ പരിചിതമായ വാക്കാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന് ശേഖരിച്ച കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എന്‍കൗണ്ടര്‍ കേസുകളില്‍ പാതിയും വ്യാജമാണ്.
കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ വാങ്ങി കൊടുക്കുക എന്നതാണ് പോലീസിന്റെ പണി. എന്നാല്‍ മിക്കയിടങ്ങളിലും ഇതല്ലനടക്കാറ്. കൊടുംകുറ്റവാളികളെ വേട്ടയാടി വധിക്കുന്ന പോലീസും ,ഏറ്റുമുട്ടലുകളില്‍ കൊന്നുകളയുന്ന പോലീസും നമ്മുടെ രാജ്യത്ത് ഉണ്ട്. കണക്കുകളില്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍ പ്രദേശ് ആണെന്നതാണ് സത്യം. യുപിയില്‍ യോഗി ആദിത്യനാഥ് അധികാര കസേരയിലേറിയതിന് ശേഷം മാത്രം എഴുപത്തി ഏഴു പേരാണ് ഏറ്റുമുട്ടലെന്ന പേരില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളത്. അധികാരത്തിലേറിയതിനു ശേഷം 3400 എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് തന്നെ വെളിപ്പിടുത്തുന്നു.
എതിനാണ് എന്‍കൗണ്ടര്‍? എന്‍കൗണ്ടര്‍ കൊലപാതകം , വ്യാജഏറ്റുമുട്ടല്‍ ഇവയൊക്കെ നമ്മുടെ രാജ്യത്തെ ദൃശ്യമാധ്യമങ്ങളിലും.,പത്രവാര്‍ത്തകളിലും പലവട്ടം കോളം നിറച്ചിട്ടുള്ള വിഷങ്ങളാണ്. പലപ്പോഴും വ്യാജ ഏറ്റുമുട്ടല്‍ എന്നതോ കൊലപാതകം എന്നതോ റിപ്പോര്‍ട്ട് ചെയ്യപ്പടില്ല. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റവാളികള്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. അല്ലെങ്കില്‍, തെളിവെടുപ്പിനിടെ പൊലീസിന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാന്‍ ശ്രമിച്ച കുറ്റവാളികളെ പൊലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചുവീഴ്ത്തി. പത്രങ്ങളിലെ തലക്കെട്ടുകള്‍ ഇത്തരത്തിലായിരിക്കും.പൊലീസിന്റെ ഭാഷ്യവും അങ്ങനെതന്നെ, അവര്‍ നല്കുന്ന വിവരണങ്ങളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അതാകട്ടെ ഏത് എന്‍കൗണ്ടര്‍ കഴിയുമ്പോഴും ഏകദേശം ഒരുപോലിരിക്കും എന്നുമാത്രം. വ്യാജ ഏറ്റുമുട്ടലുകള്‍ മൂലമുള്ള കൊലപാതകങ്ങളുടെ നിഗൂഢത എന്തെന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകളെ രക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ്.
എന്താണ് ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊല ?
പോലീസ് അഥവ സ്പെഷ്യലിസ്റ്റ് എന്‍കൗണ്ടര്‍ വിഭാഗം പിടികൂടിയ, ഒന്നോ അതിലധികമോ പ്രതികളെ പൊലീസ് അവര്‍ തന്നെ തിരക്കഥയൊരുക്കിയ രക്ഷപെടല്‍ നാടകത്തിലൂടെ വെടിവെച്ചു കൊന്നുകളയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാഹചര്യങ്ങളുടെ വിശ്വാസ്യതയ്ക്കായി പ്രതികളുടെ കയ്യില്‍ തോക്കുകള്‍ പിടിപ്പിച്ച് അതില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുന്നു. പോലീസുമായി ഏറ്റുമുട്ടല്‍ നടന്നു എന്നതിന് തെളിവായി ആ ഉണ്ടകള്‍ പിന്നീട് കണ്ടെടുക്കുന്നു. ചില പൊലീസുകാര്‍ക്ക് പരിക്ക് ഏല്‍പ്പിച്ച് വ്യാജഏറ്റുമുട്ടലിന് വിശ്വാസ്യത ഉണ്ടാക്കുന്നു. കൊലചെയ്യപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആയുധങ്ങള്‍ പിന്നീട് പൊലീസ് കണ്ടെടുത്ത് എന്‍കൗണ്ടര്‍ എന്നതാക്കുന്നു. പല കേസുകളിലും തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ഓടിരക്ഷപ്പെട്ടു എന്നും, അവരെ തേടിപ്പിടിക്കുമ്പോഴുണ്ടായ ഏറ്റുമുട്ടലിനൊടുവില്അവര് കൊല്ലപ്പെട്ടു എന്നും വരുത്തുന്നു.
ഹൈദരാബാദ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട പ്രതികളുടെ കൈകളില്‍ തോക്കുകള്‍ ഉള്ള ഫോട്ടോകളാണ് രാജ്യത്തെ മാധ്യമങ്ങളിലൂടെ നമ്മള് കണ്ടത്.
യുവ ഡോക്ട്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്‍കൗണ്ടറിലൂടെ പ്രതികളായ നാലു ചെറുപ്പക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നുവിചാരണ നടത്തി, കൂടുതല്‍ പ്രതികളുണ്ടായിരുന്നോ, അല്ല മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ എന്നൊന്നും തെളിയിക്കുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ പോലീസ് നിയമം കൈയ്യിലെടുക്കുകയായിരുന്നു. ഉത്തരവിട്ട ഉദ്യോഗസ്ഥന് എന്‍കൗണ്ടറുകളുടെ തമ്പുരാനായി അറിയപ്പെടുന്ന ആളും.
യുവഡോക്ട്ടറെ കാണുന്നില്ലായെന്നും, എന്തോ അപകടം പിണഞ്ഞിട്ടുണ്ടെന്നുമുള്ള പരാതിയുമായി കൊലചെയ്യപെട്ട യുവതിയുടെ സഹോദരിയും, കൂട്ടുകാരനും കൂടി പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയതാണ്. ഓരോ സ്റ്റേഷനില്‍ നിന്നും തങ്ങളുടെ പരിധിയിലല്ലായെന്നു പറഞ്ഞു സ്റ്റേഷനുകളില്‍ നിന്നും മറ്റു സ്റ്റേഷനുകളിലേക്ക് ആ പരാതിക്കാരായ കുട്ടികളെ ഓടിക്കുകയായിരുന്നു പോലീസ്. ഒരുപക്ഷെ പരാതിയുമായി ചെന്ന ആദ്യ പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ പെട്ടെന്നുള്ള നടപടിയുണ്ടായിരുന്നെങ്കില്‍ ജീവന് രക്ഷിച്ചെടുക്കാവുന്ന സാഹചര്യവും ഉണ്ടായിരുന്നതായി അനുമാനിക്കാം. അവസാനം പരാതി സ്വീകരിച്ചു നടപടികളിലേക്ക് വന്നപ്പോള്‍ വിലപ്പെട്ട ഒരു ജീവന് വളരെ മൃഗീയമായി കൊലചെയ്യപ്പെട്ടു.
വാര്‍ത്തയറിഞ്ഞ രാജ്യമാകെ പ്രതിഷേധം ആഞ്ഞടിക്കുന്നു.വളരെ പെട്ടെന്നുതന്നെ പ്രതികളെ പിടിക്കുന്നു.. രണ്ടാം നാള് പ്രതികള്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നു. ബലാത്സംഗം ചെയ്യപ്പെട്ട്, മൃഗീയമായി കൊലചെയ്യപ്പെട്ട ഒരു യുവ ഡോക്ട്ടറെ കുറിച്ചുള്ള വാര്‍ത്തകള്‍ അവിടെ കഴിയുന്നു. പിന്നീട് നിയമത്തിന് വിട്ടുകൊടുക്കാതെ ക്രൂരന്മാരായ പ്രതികളെ നിഗ്രഹിച്ച അഭിനവ അവതാര പുരുഷന്മാരായി ഈ പൊലീസുകാര്‍. നാട്ടുകാര്‍ കൈയ്യടിക്കുന്നു, പുഷ്പ്പവൃഷ്ടി നടത്തുന്നു, മധുരപലഹാരം വിതരണം ചെയ്യുന്നു. രാമറാവുവിന്റെ സിനിമപോലെയായി കാര്യങ്ങള്‍.
നിയമം കൃത്യമായും, വേഗതയിലും നടക്കാതിരിക്കുന്ന മുന്‍ അനുഭവങ്ങള്‍ക്കു മുന്നില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക്, തെറ്റു ചെയ്ത കുറ്റവാളികള്‍ക്ക് ഉടനടി ശിക്ഷയെന്നതിനെ ആനന്ദത്തോടെ വരവേല്‍ക്കാം. എന്നാല്‍, രാജ്യത്തെ നിയമങ്ങളോ? പിന്നെന്തിനാണ് കോടതി? ലോകത്തെ ഏററവും വലിയ ജനാധിപത്യ രാജ്യത്ത് കോടതിക്കും നിയമങ്ങള്‍ക്കും പ്രസക്തിയില്ലാണ്ടായാല്?
ജങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍, വൈകിയാണ് നീതി ലഭിക്കുന്നതെങ്കില്‍ ആ സംവിധാനത്തെ നേരെയാക്കുവാനുള്ള പ്രക്രീയയല്ലേ ഉണ്ടാവേണ്ടത്? ഹൈദരാബാദില്‍ പോലീസ് നിയമം കൈയ്യിലെടുത്തപ്പോള്‍, അല്ലെങ്കില്‍ പൊലീസ് നിയമത്തിന് പ്രതികളെ വിട്ടുകൊടുക്കാതെ കുറ്ററക്കാരായവരെ കൊന്നുതള്ളിയപ്പോള്‍ എംപി മാരും, ചില വലിയ നേതാക്കളും അടക്കം കൈയ്യടിക്കുന്നു. ഇവരെ തെരഞ്ഞെടുത്ത് വിടുന്ന ജനങ്ങള്‍ക്ക് നീതി വേഗത്തിലും, ന്യായത്തിലും ലഭ്യമാക്കുവാനുള്ള നിയമ നിര്‍മ്മാണത്തിന് ഉത്തരവാദിത്തപ്പെട്ടവര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഈ കാട്ടു നീതിക്ക് കൈയ്യടിക്കുന്നു.
പ്രാചീന യുഗങ്ങളില്‍ കേട്ടു പരിചയമുള്ള ശിക്ഷാരീതികള്‍ പ്രയോഗിക്കപ്പെടുന്നു. പൊലീസ് നീതി നിര്‍വ്വഹണത്തില്‍ വരുത്തിയ വീഴ്ചകള്‍ ആരും ചര്‍ച്ചചെയ്തു കണ്ടില്ല. പ്രതികളായി പിടിച്ചവരെ പെട്ടെന്ന് വെടിവെച്ചുകൊന്നു നാട്ടുകാരുടെ കൈയ്യടി വാങ്ങിയവര്‍ , പരാതിയുമായി വന്ന കൊലചെയ്യപ്പെട്ട ഡോക്റ്ററുടെ വീട്ടുകാരുടെ പരാതി സ്വീകരിക്കുന്നതില്‍ കാട്ടിയ അലംഭാവത്തെ കുറിച്ച് മിണ്ടുന്നില്ല, ചര്‍ച്ചയുമില്ല, അന്വേഷണവുമില്ല. കുറ്റക്കാരെന്ന് പോലീസ് പറഞ്ഞവരെ അവര്‍ തന്നെ വെടിവെച്ചുകൊന്നു ആ കെയ്സ് ഫയല്‍ ക്ളോസ് ചെയ്തു. ആര്‍ക്കും പരാതിയില്ല.
പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നതെന്നും, എന്‍കൗണ്ടറിന്റെ ഇടയിലും ആത്മരക്ഷാര്‍ത്ഥവുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് പോലീസിന്റെ ന്യായീകരണം. ഈ സംഭവങ്ങളില്‍ യുഎന്‍ ആശങ്കാകുലരാണ്, കൊല്ലപ്പെടുന്നതിന് മുമ്പ് ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. മൃതദേഹങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പാടുകളും കാണാമെന്ന് യുഎന്‍ വിദഗ്ദര്‍ പറയുന്നു.
കേരള പോലീസും എന്‍കൗണ്ടറുകളിലൂടെ പ്രതികളെ കൊല്ലുന്ന കാഴ്ചകള്‍ക്ക് ഈ കഴിഞ്ഞ നാലുവര്‍ഷ കാലയളവ് സാക്ഷ്യം വഹിച്ചു. അട്ടപാടിയിലും, നിലമ്പൂരും മാവോയിസ്റ്റ് വേട്ടകളുടെ മറവില്‍ എന്‍കൗണ്ടറുകള്‍ നടന്നു.
കേരളത്തില്‍ ഇതിനുമുന്നേ നാം കേട്ടിട്ടുള്ളത് നക്സല്‍ വര്‍ഗീസിനെതിരെയുള്ള എന്‍കൗണ്ടര്‍ ആണ്. അന്നത്തെ ഐ ജി ലക്ഷ്മണന്, രാമചന്ദ്രന് നായര്‍ എന്ന പോലീസുകാരനെ ഭീഷണി പെടുത്തി നക്സല്‍ വര്‍ഗീസിനെ നേരെ കാഞ്ചി വലിപ്പിച്ചതാണ്. പിറ്റേദിവസത്തെ പത്രങ്ങളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നക്സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. വര്‍ഗീസിന്റെ നെഞ്ചുതകര്‍ത്തു വെടിയുണ്ട കടന്നുപോകുമ്പോഴും അക്ഷോഭ്യനായി ചിരിക്കുകയായിരുന്നു സഖാവ് വര്‍ഗീസ് എന്ന് പിന്നീട് രാമചന്ദ്രന് നായര്‍ തന്നെ കുമ്പസാരം നടത്തിയിട്ടുള്ളതാണ്. രാമചന്ദ്രന് നായരുടെ തുറന്നു പറച്ചിലും, പൊട്ടികരച്ചിലും കഴിഞ്ഞും കേരളം പുതിയ വാര്‍ത്തകള്‍ക്ക് പുറകെ പോയികൊണ്ടേയിരുന്നു..
എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന ഈ നാളുകളിലാണ് ഒന്നിലധികം എന്‍കൗണ്ടറുകള്‍ അടുത്തടുത്ത് മലയാളികള്‍ കാണുന്നത്. ഏറ്റുമുട്ടലില്‍ രക്ഷപെടുവാന്ശ്രമിച്ച മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചിട്ടു.. അങ്ങനെയാണ് നമ്മളെ അറിയിക്കുന്നത്.
എന്താണ് തണ്ടര്‍ബോള്‍ട്ട്? തണ്ടര്‍ബോള്‍ട്ട് ഒരു കേന്ദ്ര സേനയോ? ഈ വിഷയത്തില്‍ മലയാളികളുടെയിടയില്‍ സംശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഭീകരവാദ വിരുദ്ധ സേന അല്ലെങ്കില്‍ മാവോയിസ്റ്റ് വിരുദ്ധ സേന എന്നീ വിശേഷണമാകാം തണ്ടര്‍ബോള്‍ട്ട്സ് എന്ന കേരള പോലീസ് സേനയെ കേന്ദ്ര സേനയായി തെറ്റുധരിക്കുവാനുള്ള ഒരു കാരണം. മാവോയിസ്റ്റ്,അല്ലെങ്കില്‍ തീവ്രവാദ ഭീഷണി എന്ന വിഷയം ഒരു സംസ്ഥാനവിഷയമായല്ലല്ലോ കൈകാര്യം ചെയ്യുന്നത്. നമ്മുടെ അജ്ഞതയെ മുതലെടുത്ത് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് രൂപീകരിക്കപ്പെട്ട അര്‍ദ്ധസൈനിക വിഭാഗമാണ് തണ്ടര്‍ബോള്‍ട്ട് എന്നുവരെ പ്രചരിപ്പിക്കുന്നവരുണ്ട്.
തണ്ടര്‍ബോള്‍ട്ട് തികച്ചും കേരള സംസ്ഥാനസര്ക്കാരിന്റകീഴില് വരുന്ന ഒരു സായുധ സേനയാണ്. കേരളാ പോലീസിനു കീഴിലുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് (കഞആ) യൂണിറ്റില്‍ രണ്ട് വിങ്ങ് ആണുള്ളത്. ഒന്ന് സിവില്‍ വിങ്ങും. മറ്റൊന്ന് കമാന്റോവിങ്ങും. ഇതില്‍ കമാന്റോ വിങ്ങ് ആണ് ”തണ്ടര്‍ബോള്‍ട്ട്” എന്ന പേരിലറിയപ്പെടുന്നത്.
നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികളെ തണ്ടര്‍ ബോള്‍ട്ട് സേന വ്യാജഏറ്റുമുട്ടലിലൂടെ കൊന്ന് തള്ളിയത് കേരളത്തിന്റെ ജനാധിപത്യ മനസാക്ഷിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലും ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. അതില്‍ ഒരാള്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നും പറയുന്നു. കേരളത്തിലെ ഇപ്പോഴത്തെ ഭരണകക്ഷിയിലെ രണ്ടാം ശക്തിയായ സിപിഐ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് വലിയ പ്രതിഷേധങ്ങള്‍ നടത്തുകയുണ്ടായി. ഇടതുപക്ഷങ്ങള്‍ ഭരണത്തിരിക്കുമ്പോള്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നു എന്നതിന് ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടിയായ സിപിഐ യുടെ പ്രസ്താവനകള്‍ തന്നെ ധാരാളം.
ഇപ്പോള്‍ എന്‍കൗണ്ടറുകള്‍ ശീലമാക്കിയ യോഗിആദിത്യനാഥിന്റെനാട്ടില് വീണ്ടും ഒരു കൂട്ടം വ്യാജഏറ്റുമുട്ടലും, പോലീസ് വെടിയേറ്റുള്ള മരണങ്ങളും. വികാസ് ദുബെ എന്ന ഗുണ്ടാ തലവനും അയാളുടെ കൂട്ടാളികളും പൊലീസുമായുള്ള ഏറ്റുട്ടലില്‍ കൊല്ലപ്പെടുന്നു. വികാസ് ദുബെയെ പിടികൂടുന്നതിനു മുമ്പ് അയാളുടെ കൂട്ടാളികളെ പോലീസ് പിടികൂടുന്നു. പിന്നീട് കേള്‍ക്കുന്നത് പ്രതികള്‍ പോലീസില്‍ നിന്നും ചാടിപോകുവാന്‍ ശ്രമിക്കുകയും, ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും പ്രതികള്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്യുന്നു. ശേഷം സാക്ഷാല്‍ വികാസ് ദുബെയെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതും വലിയ സെക്യുരിറ്റികളുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച്. അവിടെ നിന്നുമുള്ള ഇന്‍ഫോര്‍മേഷന്റെ അടിസ്ഥാനത്തില്‍ വികാസ് ദുബെയെന്ന കൊടും ഭീകകരന് അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് രക്ഷപെടുവാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന്റെ വെടികൊണ്ട് മരണമടയുന്നു. തെളിവുകള്‍ പോലീസ് നിരത്തുന്നുണ്ട്. ഒന്നിനും സി സി ടി വി യുടെ സഹായം ലഭിക്കില്ല. കൃത്യം സമയത്തു സിസി ടിവി ഉള്ളയിടങ്ങളില്‍ അത് വര്‍ക്ക് ചെയ്യുന്നുണ്ടാവില്ല, അല്ലെങ്കില്‍ സിസി ടിവി തന്നെ ഉണ്ടാവില്ല. പോലീസ് പറയുന്നു, നമ്മള് വിശ്വസിക്കുന്നു.
ആരാണ് വികാസ് ദുബെ..
ബ്രാഹ്മണരെ എല്ലാവരും അവഗണിക്കുന്നു,,അവര്‍ക്ക് വേണ്ടി ശബ്ദിക്കുവാന്‍ ആളില്ല എന്ന തോന്നലില്‍ നിന്നുമാണ് യുപിയില്‍ വികാസ് ദുബെ എന്ന ബ്രാഹ്മണ ഗ്യാങ്ങ് ലീഡര്‍ ജനിക്കുന്നത്. അവര്‍ക്ക് വേണ്ടി പ്രതിരോധമൊരുക്കുന്ന സേനയാണ് തന്റേതെന്നാണയാള് അവകാശപ്പെട്ടിരുന്നത്. ബീഹാറിലെ സവര്‍ണരുടെ രണ്‍ബീര്‍ സേന പോലെ യുപിയിലെ വികാസ് ദുബെയുടെ ഗ്യാങ്ങും സവര്‍ണ്ണ ഗുണ്ടാ ഗ്യാങ്ങുകള്‍ ആയിരുന്നു. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് സവര്‍ണ്ണരെ വല്ലാതെ പ്രോകോപിപ്പിച്ച നാളുകളില്‍ വികാസ് ദുബെ അവര്‍ക്ക് പണ്ഡിറ്റ് ആയി. പിന്നീട് നാം കേള്‍ക്കുന്നത് പിടികിട്ടാത്ത ഗുണ്ടാത്തലവാന്, കൊടും ക്രൂരന്..അങ്ങനെ.
ഒരു ക്ഷേത്രത്തില്‍ വെച്ച് അയാളെ അറസ്റ്റ് ചെയ്യുകയും,, പിന്നീട് യാത്രാമദ്ധ്യേ പൊലീസിന് നേരെ അയാള്‍ ആക്രമണം അഴിച്ചുവിട്ടു രക്ഷപെടുവാന്‍ ശ്രമിക്കുമ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന കഥ കേള്ക്കുവാനൊക്കെയൊരു സുഖമുണ്ട്. കൊടും കുറ്റവാളികള്‍ പോലീസിനെ ആക്രമിച്ചു രക്ഷപെടുവാന്‍ ശ്രമിക്കുന്ന സമയങ്ങളില്‍ അവരെ അണിയിച്ചിട്ടുള്ള കൈവിലങ്ങുകള്‍ താനേ അപ്രത്യക്ഷമാകുന്ന മാജിക്കുകളാണ് മിക്ക എന്‍കൗണ്ടറുകള്‍ നടക്കുമ്പോഴും കാണുന്നത്. ഒരു കുറ്റവാളിയും ഒരു കുന്ന് പോലീസുകാരുടെ കാവലും, രക്ഷപ്പെടല്‍ കഥകളും തമ്മിലങ്ങ് ചേര്‍ന്നുപോകാറില്ല എന്നതാണ് യാഥാര്‍ഥ്യം.
വികാസ് ദുബെ എന്ന കൊടും ഭീകരന് ചെയ്തതില്‍ നിന്നൊക്കെ പോലീസ് മോചനം കൊടുത്തു, മരണത്തിലൂടെ… അയാള്‍ എന്തിന് ഇതൊക്കെ ചെയ്തെന്നോ, ആര്‍ക്കൊക്കെ വേണ്ടി ചെയ്തെന്നോ എന്നതിനെ കുറിച്ചോ ആരുമിനി ആശങ്കപ്പെടേണ്ടതില്ല.ആ കെയ്സ് ഫയല്‍ യോഗിആദിത്യനാഥ് ക്ലോസ് ചെയ്തു.
കൊടും കുറ്റവാളികള്‍ എന്നും, ഭീകരര്‍, തീവ്രവാദികള്‍ അതുമല്ലായെങ്കില്‍ മാവോയിസ്റ്റുകള്‍ എന്നും പോലീസും, ഭരണകൂടങ്ങളും പറയുന്ന പ്രതികളെ പിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു, വിസ്തരിച്ച്, മറ്റു പ്രതികള്‍, താല്പര്യങ്ങള് ഉണ്ടെങ്കില്‍ അവ പുറത്തുകൊണ്ടു വരുകയും മാതൃകകാപരമായും ശിക്ഷിക്കുകയും വേണ്ടേ? രാജ്യത്തെ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്ത് കടുത്ത ശിക്ഷ വാങ്ങികൊടുക്കുകയല്ലേ പോലീസ് ചെയ്യേണ്ടത്? അതിന് പകരം നിയമം കൈയ്യിലെടുക്കുന്നപോലീസ് മേധാവികളെ മഹത്വവല്ക്കരിക്കുന്നോ? രാജ്യത്തെ നിയമസംഹിതകള്‍ പൊലീസ് തന്നെ തള്ളികളഞ്ഞാല്‍?
നമ്മള് ഭയക്കേണ്ടി വരും.. നാളെ രാജ്യത്തെ ഏത് അവകാശ പോരാട്ടങ്ങളെയും ചോരയില്‍ മുക്കിക്കൊല്ലുവാനുള്ള റിഹേഴ്സല്‍ ആകുമോ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരകള്‍?
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London