മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്, ബേപ്പൂര്‍ സുല്‍ത്താന്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വര്‍ഷം. എല്ലാ വര്‍ഷവും ഈ ദിനം ബഷീറിനെ സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറാറുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. കൊവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കേണ്ടെന്ന തീരുമാനത്തിലാണ് മക്കളും ആരാധകരും.
നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ബഷീര്‍ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. ഇമ്മിണി ബല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കും, പാത്തുമ്മയുടെ ആടും, സ്ഥലത്തെ പ്രധാന ദിവ്യനുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയായിരുന്നു. ഒരു പുതിയ ഭാഷ തന്നെ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. എഴുത്തില്‍ വിശ്വസാഹിത്യത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും നാട്ടില്‍ സാധാരണക്കാരനായിട്ടായിരുന്നു ബഷീറിന്റെ ജീവിതം. വീട്ടിലെത്തുന്നവരെയെല്ലാം സത്കരിച്ചേ വിടുകയുണ്ടായിരുന്നുള്ളൂ. മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജൂലായ് 5ന് 26 വയസ് തികയുകയാണ്.
വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908ലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പത്തുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യാസിയിയായും സൂഫിയായും കഴിച്ചുകൂട്ടി. കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്മെന്റ് പത്മശ്രീ നല്കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്കി. പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു. കാരണം അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ്.
ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയില്‍ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാന് സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു. ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വര്‍ഗം എന്നിങ്ങനെ മലയാളി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍, താന്‍ കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്കരിച്ചു. മലയാളിയുടെ മനസ്സില്‍ മായാതെയിരിക്കുന്ന ആ വിശ്വസാഹിത്യകാരന് നിലകൊള്ളുന്നു. ബഷീര്‍ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെതന്നെ ഇന്നും വായിക്കപ്പെടുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London