റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങൾക്ക് ശേഷം ഒളിവിലായിരുന്നു ഇയാൾ. പഞ്ചാബിൽ നിന്നും ഡൽഹി പൊലീസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്രമ സംഭവങ്ങൾക്ക് ശേഷം കർഷകർ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയ ശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളിൽ ദീപ് സിദ്ധുവിൻ്റെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തിൽ സ്വയം ചിത്രീകരിച്ച വിഡിയോകൾ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിൻ്റെ നിഗമനം.
കർഷക നേതാക്കൾക്കെതിരെയും ഡൽഹി പൊലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വിദേശത്തു നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാൾ പുലർത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു. കിസാൻ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London