ബേപ്പൂർ സുൽത്താന്റെ രചനയിലും സംവിധാനത്തിലും പിറന്ന വർഗീയ വിരുദ്ധ മാജിക് സംസ്ഥാന റാലിയുടെ തിളക്കമാർന്ന ഓർമയിലാണ് വിശ്വ മാന്ത്രികൻ ആർ കെ മലയത്ത്. തന്റെ ജീവിതം മാറ്റിമറിച്ച 1987 മെയ് 3 ന്റെ ചരിത്രവും പിന്നാമ്പുറകഥകളും ഈ കോവിഡ് കാലത്ത് പൊടി തട്ടിയെടുക്കുകയാണ് മാജിക് ലോകത്തെ ഇന്ത്യ കണ്ട ബെസ്റ്റ് പെർഫോമർ. ജാതിയുണ്ടോ വോട്ട് വേണ്ട… മനുഷ്യനുണ്ടോ വോട്ട് മതി എന്ന സന്ദേശവുമായി ജാതി മത വർഗീയ പിന്തിരിപ്പൻ കക്ഷികളുടെ പിന്തുണയില്ലാതെ കേരളത്തിന്റെ ഭരണം പിടിക്കാമെന്ന് തെളിയിച്ച മഹാനായ ഇ എം എസ് നയിച്ച കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 1987. അങ്ങ് തെക്ക്… തിരുവനന്തപുരത്ത് മാർച്ച് 26ന് ഇകെ നായനാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നേരം ഇങ്ങ് വടക്ക് കോഴിക്കോട് ബേപ്പൂർ സുൽത്താന്റെ വീട്ടിലെ ഉമ്മറകോലായിലൽ വർഗീയതക്കെതിരെ മാജികിനെ ഉപയോഗപെടുത്താൻ തിരക്കിട്ട ചർച്ച. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മതേതരത്വത്തിനും ഭീഷണിയായ വർഗീയതയെ തുരത്താൻ മാജിക് എന്ന കലയെ എങ്ങനെ പ്രചരണ മാധ്യമമാക്കാം എന്നതാണ് വിഷയം. മാന്ത്രിക ലോകത്തിനും മനശാസ്ത്ര ശാഖക്കും നിലമ്പൂർ ദേശം സംഭാവന ചെയ്ത ആർ കെ മലയത്തും ജോൺസൺ ഐരൂരും വൈക്കം മുഹമ്മദ് ബഷീറിന്റെ ചിന്തകൾക്ക് കരുത്ത് പകർന്നു. ഒടുവിൽ ആ ചരിത്ര തീരുമാനം ചിരപുരാതന മാന്ത്രികൻ കൂടി ആയിരുന്ന വൈക്കം മുഹമ്മദ് ബഷീർ പ്രഖ്യാപിച്ചു.
“നാം മെയ് 3 ന് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വർഗീയ വിരുദ്ധമാജിക് റാലി നടത്തും”. റാലിയിൽ അവതരിപ്പിക്കേണ്ടുന്ന മാജിക്ക് ഇനങ്ങൾ തിരഞ്ഞെടുത്തതും സംഭാഷണം രൂപപ്പെടുത്തിയതും ബഷീർ തന്നെയായിരുന്നു. ഫൈനൽ റിഹേഴ്സൽ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് നടന്നു. സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത് അന്ന് സാഹിത്യ ലോകത്തെ അത്ഭുതപ്പെടുത്തി.”മഹത്തുക്കളെ.. മാജിക് കാണാൻ ആഗ്രഹമുണ്ടോ, എങ്കിൽ വരിക, കാശൊന്നും തരേണ്ട. ആർ.കെ.മലയത്തിൻ്റെ നേതൃത്വത്തിലുള്ള വർഗ്ഗീയ വിരുദ്ധമാജിക്ക് റാലി കാസർഗോഡു നിന്നും ആരംഭിക്കുന്നു. അതിന്റെ ഫൈനൽ റിഹേഴ്സലാണ്……എന്നു തുടങ്ങുന്ന 33 വർഷം പഴക്കമുള്ള സുർത്താന്റെ കത്ത് നിധിപോലെ കാത്ത് സൂക്ഷിച്ച് വച്ചു. അന്ന് കേരളത്തിലെ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തയും അമൂല്യ സമ്പാദ്യമാണ്. മെയ് 3ന് കാസർഗോഡു നിന്നും ആരംഭിച്ച വർഗീയ വിരുദ്ധ മാജിക് റാലി സംസ്ഥാനത്ത് 101 കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു. മെയ് 12 ന് സമരകാഹളം മാത്രം കണ്ടും കേട്ടും തഴമ്പിച്ച തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുമ്പിൽ ബേപ്പൂർ സുൽത്താനെ സാക്ഷിനിർത്തി മാജിക്കെന്ന കലയുമായി പുത്തൻ പോർമുഖം നാടിന് വിരുന്നായി. ചരിത്ര രേഖകൾ സഹിതം ഓരോന്നും വിവരിക്കുമ്പോൾ വിശ്വ മാന്ത്രികന്റെ കണ്ണുകളിൽ തനിമയുടെ തിളക്കം. കേരള ജേസീസിൻ്റ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London