തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ പൂജപ്പുര വാർഡിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പട്ടിക സമർപ്പിച്ചത്. ഒരേ സമയം രണ്ട് വെവ്വേറെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ പേരുണ്ടെന്ന വിവരം മറച്ചു വെച്ചാണ് വി വി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ നവംബർ 10 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും, തിരുവനന്തപുരം കോർപ്പറേഷനിലെയും വോട്ടർപട്ടികയിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരുണ്ട്. ഇത് സ്വാഭാവികമായി സംഭവിച്ച പിഴവല്ലെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ കുടുംബ വീടിന്റെ വിലാസത്തിലുള്ള വോട്ടർപട്ടികയിലാണ് വി വി രാജേഷ് നാമനിർദ്ദേശം സമർപ്പിച്ചതും വോട്ടു രേഖപ്പെടുത്തിയതും. രാജേഷിന്റെ നെടുമങ്ങാട്ടുള്ളതുമായ കുടുംബവീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡായ കുറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമ നമ്പർ 72 ആയി വേലായുധൻ നായർ മകൻ രാജേഷ് (42 വയസ്) എന്ന് ചേർത്തിട്ടുണ്ട്.
അതേസമയം പൂജപ്പുര വാർഡിൽ മത്സരിക്കാനായി നാമനിർദ്ദേശം സമർപ്പിച്ചതിൽ കോർപ്പറേഷനിലെ 82-ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042-ാം ക്രമ നമ്പരായി വേലായുധൻ നായർ മകൻ വി വി രാജേഷ് എന്നതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടിടത്തും വ്യത്യസ്ത തിരിച്ചറിയൽ രേഖകളിലാണ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്.
© 2019 IBC Live. Developed By Web Designer London