മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്പിൽവേ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി.4008 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂർ ഉപവാസം അവസാനിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡീൻ കുര്യാക്കോസിൻറെ ഉപവാസം. ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
അതേസമയം കേരളത്തിൻറെ ആവശ്യം അവഗണിച്ച് ഇന്നലെയും രാത്രിയിൽ തമിഴ്നാട് സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മഴ കുറവായിരുന്നതിനാൽ നാല് ഷട്ടറുകൾ മാത്രമാണ് ഉയർത്തിയത്. പുലർച്ചെ രണ്ടു മണിയോടെ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ജലനിരപ്പ് കൂടുതൽ സമയം 142 അടിയിൽ നിലനിർത്താൻ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെളളത്തിൻറെ അളവും കൂട്ടിയും കുറച്ചും പരീക്ഷണം തുടരുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London