വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകളെ നാല് ചുവരുകൾക്കുള്ളിൽ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവർണർ വിമർശിച്ചു. താൻ ഉൾപ്പെടെയുള്ളവർക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സമസ്തയുടെ നടപടിയിൽ താൻ അങ്ങേയറ്റം നിരാശനാണ്. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്ക്കെതിരെ നടപടിയെടുക്കാത്തത്? സമസ്ത നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.
കേസെടുക്കാത്തതിൽ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. തന്റെ വിമർശനം കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതൃത്വത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെയും വിഷയത്തിൽ പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയിരുന്നു. മുസ്ലിം സമുദായത്തിൽ പിറന്നതിനാലാണ് പെൺകുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവർണർ പറഞ്ഞു. മുസ്ലിം പുരോഹിതർ പെൺകുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മുസ്ലിം സ്ത്രീകൾക്ക് പുരഷന്മാരുടേതിന് തുല്യമായ അവകാശമെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ചത് അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും പ്രസ്താവിച്ചിരുന്നു. വിദ്യാർത്ഥിനിയെ പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തീർത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London