ജയ്സാൽമർ: പുനർവിവാഹത്തിന് വിസമ്മതിച്ച വിധവയായ യുവതിയുടെ നാക്കും മൂക്ക് വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്സാൽമറിലാണ് ഈ കൊടുംക്രൂരത നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമൻ ഒളിവിലാണ്. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭർത്താവ് മരിച്ചതോടെ മറ്റൊരാളെ വിവാഹം കഴിക്കാൻ യുവതിയെ ബന്ധുക്കൾ നിർബന്ധിച്ചുവരികയായിരുന്നു. എന്നാൽ യുവതി ബന്ധുക്കൾ പറഞ്ഞയാളെ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. ആശുപത്രിയിലുള്ള യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ജാനു ഖാൻ എന്നയാളാണ് കേസിൽ അറസ്റ്റിലായത്. രണ്ടാമനായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ആറു വർഷം മുൻപാണ് ഖോജെ ഖാനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഖോജെ ഖാൻ മരിച്ചു. അന്നു മുതൽ പുനർവിവാഹം കഴിക്കാൻ ബന്ധുക്കൾ യുവതിയെ നിർബന്ധിച്ചു വരികയായിരുന്നുവെന്ന് സഹോദരന്റെ പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യപ്രതി ട്രാക്ടറിൽ എത്തുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. മൂർച്ചയേറിയ കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ യുവതിയുടെ നാക്കും മൂക്കും അറ്റുപോയി. മർദനത്തിൽ യുവതിയുടെ കൈക്കും പൊട്ടലേറ്റു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London