ഒരു കുടുംബത്തിലെ നാല് കുട്ടികളടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന കേസിൽ ഗൃഹനാഥൻ്റെ കാമുകി അറസ്റ്റിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ശ്രീരംഗപട്ടണയിലെ കെ ആർ എസ് ഗ്രാമത്തിലാണ് സംഭവം. തുണിവ്യാപാരിയും ഗുജറാത്ത് സ്വദേശിയുമായ ഗംഗാറാമിൻ്റെ ഭാര്യ ലക്ഷ്മി (32), മക്കളായ രാജു (12), കോമൾ (ഏഴ്), കുണാൽ (നാല്), ലക്ഷ്മിയുടെ സഹോദരൻ്റെ മകൻ ഗോവിന്ദ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മാവൻ്റെ മകളായ ലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗംഗാറാമുമായി വർഷങ്ങളായി ലക്ഷ്മിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ബെലവത നിവാസിയായ ലക്ഷ്മി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്. സംഭവ ദിവസം രാത്രി ഗംഗാറാമിൻ്റെ ഭാര്യയെ കൊടുവാളുപയോഗിച്ച് ലക്ഷ്മി കൊലപ്പെടുത്തുകയായിരുന്നു. കുട്ടികൾ ബഹളംവെച്ചപ്പോൾ അവരെയും വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് പുലർച്ചെ നാലുവരെ വീട്ടിൽ മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞു. ഇതിനുശേഷം രക്തംപുരണ്ട തന്റെ വസ്ത്രങ്ങളും കൊടുവാളും ബാഗിലാക്കി വരുണ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
ഗംഗാറാമിനോടുള്ള ദേഷ്യം കാരണമാണ് ലക്ഷ്മി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തൻ്റെ കുടുംബത്തെ ഉപേക്ഷിക്കാൻ ഗംഗാറാം തയ്യാറാകാത്തതോടെ ഇരുവരും കലഹം പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഗംഗാറാമിൻറെ കുടുംബവുമായി നല്ല ബന്ധം പുലർത്തിയിരുന്ന ലക്ഷ്മിയെ ആദ്യഘട്ടത്തിൽ ആരും സംശയിച്ചിരുന്നില്ല. എന്നാൽ പൊലീസ് വിവരംതേടിയപ്പോൾ പരസ്പര വിരുദ്ധമായാണ് ഇവർ മറുപടി നൽകിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London