സ്ത്രീകളെ അവഹേളിച്ച യൂട്യൂബർ വിജയനെ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വുമൺ ആക്ടിവിസ്റ്റ് ദിയ സന. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വ്യക്തിയല്ല താനെന്നും, കഴിഞ്ഞ ദിവസം നടന്നത് ഗതികേടിൽ നിന്നുണ്ടായ പ്രതികരണം ആണെന്നും, ഈ സമൂഹത്തിലും സൈബർ ഇടങ്ങളിലും അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് ഞങ്ങൾക്കും ജീവിക്കണമെന്നും ദിയ സന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സുഹൃത്തുക്കളേ,
ആദ്യമേ തന്നെ പറയട്ടെ, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വ്യക്തിയല്ല ഒരിക്കലും ഞാൻ. കഴിഞ്ഞ ദിവസമുണ്ടായ പ്രതികരണത്തെ ധൈര്യപ്രകടനമോ, പാഠം പഠിപ്പിക്കലോ ആയല്ല, മറിച്ച് ഗതികേടിൽ നിന്നുമുണ്ടായ പ്രതികരണം എന്ന നിലയ്ക്കാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. നിരന്തരമായ അവഹേളനങ്ങളും, ആക്രമണങ്ങളും അറിഞ്ഞും, അനുഭവിച്ചും ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ ഗതികേടിൽ നിന്നുമുയർന്നു വന്ന പ്രതികരണമായിരുന്നു അത്!
ഞങ്ങൾക്കും ജീവിക്കണം, ഈ സമൂഹത്തിൽ, സൈബർ ഇടങ്ങളിൽ, അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചും , അവഹേളിക്കപ്പെടാതെയും, തുല്യതയർഹിക്കുന്ന മനുഷ്യരായിത്തന്നെ ഞങ്ങൾക്ക് ജീവിക്കണം. അശ്ലീല പ്രചാരണങ്ങളിലൂടെയും, തെറിവിളികളിലൂടെയും നിരന്തരം അപമാനിക്കപ്പെടുന്നതിനെ എക്കാലവും സഹിക്കാനാവില്ല. സ്ത്രീകളെ, ട്രാൻസ്ജെൻഡറുകളെ, തങ്ങളുടെ അളവുകോലുകൾക്ക് പിടിക്കാത്ത ഏതൊരു മനുഷ്യനെയും അതീവ നിന്ദ്യമായ ഭാഷയിലൂടെ ആക്രമിക്കാം എന്ന് കരുതുന്ന വികൃതമനസ്സുകളെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടേണ്ടതുണ്ട്. ശാരീരിക പ്രത്യേകതകളുടെ , നിറത്തിന്റെ, അവയവങ്ങളുടെ, ലൈംഗികതയുടെ, നിലപാടുകളുടെ ഒന്നും പേരിൽ അപമാനിക്കപ്പെടേണ്ടവരല്ല ഞങ്ങൾ ഒരാളും!
നോക്കൂ, ഈ സൈബർ ഇടങ്ങൾക്ക് അപ്പുറവും വ്യക്തിജീവിതമുള്ളവരാണ് ഞങ്ങൾ ഓരോരുത്തരും. സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരും, മടങ്ങിയെത്താൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും, പ്രിയപ്പെട്ടവരും കൂടെയുള്ളവരുമാണ്. എല്ലാ ദിവസവും ഒരുകൂട്ടം സാമൂഹിക വിരുദ്ധരുടെ ലൈംഗിക വൈകൃതങ്ങളാൽ മുറിവേറ്റ് ഉറക്കം നഷ്ടപ്പെടേണ്ടവരല്ല ഞങ്ങളാരും. പ്രതികരിക്കുക തന്നെയാണ് ചെറുത്ത് നിൽപ്പിനുള്ള പോംവഴി. എന്നാലതൊരിക്കലും നിയമം കയ്യിലെടുക്കാനുള്ള ആഹ്വാനമല്ല . ഗതികേടിന്റേതായ പ്രതികരണങ്ങൾ ആവർത്തിക്കപ്പേടെണ്ടതോ, മാതൃകയാക്കേണ്ടതോ ആയി കരുതുന്നില്ല. എന്നാൽ നമ്മൾ ഓരോ സന്ദർഭത്തിലും, നമ്മളാലാവും വിധം പ്രതികരിക്കുന്നത് തുടരുക തന്നെ വേണം.
ഒരാളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ടോ, ആ വ്യക്തിയുടെ അശ്ലീല യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്യുന്നത് കൊണ്ടോ അവസാനിക്കുന്നതല്ല ഇതിന്റെ ലക്ഷ്യങ്ങൾ. അശ്ലീല പ്രചാരണങ്ങൾ നടത്തുന്നവരെ, ഹീനമായ തരത്തിൽ വ്യക്ത്യധിഷേപം നടത്തുന്നവരെ കാലതാമസം കൂടാതെ പിടികൂടാൻ കഴിയുന്ന ശക്തമായ സൈബർ നിയമങ്ങളാണ് നമുക്ക് ആവശ്യം. ഇതൊരു ഗുരുതരമായ സൈബർ കുറ്റകൃത്യമാണെന്നും, എവിടെ ഒളിച്ചിരുന്ന് ചെയ്താലും താൻ പിടിക്കപ്പെടുമെന്നും വന്നാൽ മാത്രമേ ഇത്തരം വികൃത മനസ്സുകൾ ഇതുപോലെയുള്ള പ്രവൃത്തികളിൽ നിന്നും പിന്തിരിയുകയുള്ളൂ. അതിനു വേണ്ട ശ്രമങ്ങൾ നാം തുടരുക തന്നെ വേണം.
ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഞങ്ങളെ പിന്തുണ അറിയിക്കുകയും, ഐക്യദാർഢ്യപ്പെടുകയും, കൂടെ നിൽക്കുകയും ചെയ്ത ഒരുപാട് പേരുണ്ട്. അവരോട് എല്ലാവരോടുമുള്ള വളരെയധികം നന്ദിയും, സ്നേഹവും ഇവിടെ പങ്കു വയ്ക്കുന്നു.
© 2019 IBC Live. Developed By Web Designer London