അബുദാബി: ലോകത്തിലെ ഏറ്റവും വലിയ സ്നോപാർക്ക് അബുദാബിയിൽ ഉടൻ തുറക്കും. നഗരമധ്യത്തിൽ റീം ഐലൻഡിലെ റീം മാളിലാണ് ഹിമ ഉദ്യാനം സന്ദർശകരെ കാത്തിരിക്കുന്നത്. അന്തിമ മിനുക്കുപണികൾ പൂർത്തിയാക്കിയ സ്നോ പാർക്ക് ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുമെന്നാണ് സൂചന. മഞ്ഞുപെയ്തിറങ്ങുന്ന പർവതങ്ങളും താഴ്വാരവും പാർക്കും അതിനകത്തെ വിപണിയുമെല്ലാം സന്ദർശകർക്കു വ്യത്യസ്ത അനുഭവമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് നിർമാണം. കൊച്ചുകൂട്ടുകാർ ഐസ് പാർക്കിൽ കളിച്ചുല്ലസിക്കുമ്പോൾ രക്ഷിതാക്കൾക്ക് ബ്ലിസാർഡ് ബസാറിൽ ഷോപ്പിങ് നടത്താം. അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ എന്നിവ ചേർന്നാണ് ഈ ഹിമ വിസ്മയലോകം ഒരുക്കുന്നത്. 120 കോടി ഡോളർ ചെലവിൽ 1.25 ലക്ഷം ചതരുശ്ര അടി വിസ്തീർണത്തിൽ സജ്ജമാക്കുന്ന ഹിമ ഉദ്യാനത്തിൽ 13 റൈഡുകളുണ്ടാകും. വിവിധ ഡിസ്ട്രിക്ട് സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിലായാണ് മഞ്ഞുപാർക്ക് ഒരുക്കിയിരിക്കുന്നത്.
സ്നോ പാർക്കിനു പുറമെ ഒട്ടേറെ വിനോദ, കായിക സൗകര്യങ്ങളും ഇവിടെയുണ്ട്. 450 ഷോപ്പുകളും 85 ഭക്ഷ്യശാലകളും 6800 വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. നാഷനൽ റിയൽ എസ്റ്റേറ്റ് കമ്പനിയും യുണൈറ്റഡ് പ്രോജക്ട് ഫോർ ഏവിയേഷൻ സർവീസസ് കമ്പനിയും ചേർന്ന് 440 കോടി ദിർഹം ചെലവഴിച്ചാണ് മാൾ സജ്ജമാക്കിയത്. കൗതുകങ്ങളുറഞ്ഞ ശിൽപങ്ങളായി ലോകാത്ഭുതങ്ങളും പാർക്കിൽ കാണാം. മൈനസ് 8 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച ഹിമഉദ്യാനത്തിൽ മതിമറന്ന് കൂടുതൽ നേരം അവിടെ നിന്നാൽ മറ്റൊരു ശിൽപമായി മാറും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London