ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും യോഗി ആദിത്യനാഥ് മാർച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. 25 ന് വൈകിട്ട് 4 മണിക്ക് ലഖ്നൗവിലെ ഭാരതരത്ന അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്. 50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ 200ഓളം വിവിഐപികൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഉത്തർപ്രദേശിൽ ബിജെപി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകൾ നേടാൻ പാർട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എൻഡിഎയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ് വാദ് പാർട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകൾ നേടാൻ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളാണ്. വർഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ, ദളിത്, മുസ്ലീം വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നതായുള്ള വാർത്തകൾ, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, സമ്പദ് രംഗത്തെ മുരടിപ്പ്, കർഷകരുടെ അസംതൃപി തുടങ്ങി ഭരണവിരുദ്ധ വികാരം രൂപം കൊള്ളാൻ ഒട്ടനവധി കാരണങ്ങൾ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉത്തർപ്രദേശിൽ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.
1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ൽ ഗൊരഖ്പൂരിൽ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് മാർച്ച് 17, 2017നാണ്. അതിന് മുൻപ് അഞ്ച് തവണ ഗൊരഖ്പൂർ എംപിയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London